എറണാകുളം: നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി ബിജെപി സർക്കാർ കൊണ്ടുവന്ന നിയമം പിൻവലിക്കാനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ. നിർബന്ധിത മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്നാണ് കമ്മീഷന്റെ പ്രതികരണം. നിർബന്ധിത മതപരിവർത്തന നിരോധന നിയമം എല്ലാ സംസ്ഥാനങ്ങളും പിൻവലിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
മതസ്വാതന്ത്ര്യത്തിന് മേലുള്ള കൂച്ചു വിലങ്ങാണ് നിർബന്ധിത മതപരിവർത്തന നിരോധന നിയമമെന്ന് കമ്മീഷൻ ആരോപിച്ചു. നിക്ഷിപ്ത താത്പര്യങ്ങളാണ് ഈ നിയമത്തിന് പിന്നിൽ. നിയമം പലപ്പോഴും ന്യൂനപക്ഷ മതവിഭാഗങ്ങളോടുള്ള പീഡനമായി മാറുകയാണ്. ഉത്തരേന്ത്യയിൽ നിയമത്തിന്റെ പേരിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നു. ക്രൈസ്തവ ആരാധനാലയങ്ങൾ തകർപ്പെടുന്നു. നിർബന്ധിത മതപരിവർത്തനമെന്ന പേരിൽ പുരോഹിതരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന നിരവധി സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത് എന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.
ഉത്തരേന്ത്യയിൽ ഉണ്ടാകുന്ന സമാന സംഭവങ്ങൾ കർണാടകയിലും ആവർത്തിക്കുമെന്ന ഭീതിയാണ് ഇതോടെ ഒഴിവാകുന്നത്. ഇത് ആശ്വാസകരമാണെന്നും കമ്മീഷൻ വ്യക്തമാക്കി.
Discussion about this post