ലണ്ടൻ; ബ്രിട്ടനിലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയുമായി പ്രധാനമന്ത്രി ഋഷി സുനക്. നടപടിയുടെ ഭാഗമായി ഒരു ദിവസത്തേക്ക് ഇമിഗ്രേഷൻ ഓഫീസറായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എത്തി. മിന്നൽ പരിശോധനയിൽ നൂറിലേറെ ആളുകളെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരിക്കുന്നത്.റെയ്ഡിൽ 20 രാജ്യങ്ങളിൽ നിന്നുള്ള 105 ഓളം പേർ അറസ്റ്റിലായി. ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ച ഋഷി സുനക് നോർത്ത് ലണ്ടനിലെ ബ്രെന്റിൽ നടന്ന റെയ്ഡിലാണ് പങ്കെടുത്തത്. പിടികൂടിയവരിൽ 40 പേരെ ഉടൻ നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു.
അടുത്ത വർഷം പ്രതീക്ഷിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ അനധികൃത കുടിയേറ്റം പൂർണമായും ഒഴിവാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. 159 റെയ്ഡുകളാണ് നടത്തിയത്. ഭക്ഷണശാലകൾ, കാർ വാഷുകൾ, നെയിൽ ബാറുകൾ, ബാർബർ ഷോപ്പുകൾ, കൺവീനിയൻസ് സ്റ്റോറുകള് എന്നിവയുൾപ്പടടെയുള്ള വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുമാണ് അനധീകൃതമായി കുടിയേറിയ വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തത്.
അനധികൃത ജോലി, തെറ്റായ രേഖകൾ കൈവശം വച്ചു എന്നതടക്കമുള്ള കുറ്റങ്ങൾക്കാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചിലയിടങ്ങളിൽ നിന്നും പണവും പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം റെയ്ഡുകൾ അനധികൃത കുടിയേറ്റക്കാർ സ്വയം ഒഴിഞ്ഞുപോകുന്നതിന് സഹായിക്കുമെന്നും യു ക ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശരിയായ വിസ പേപ്പറുകൾ ഇല്ലാത്തവരെയാണ് അറസ്റ്റ് ചെയ്തത്. ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Discussion about this post