നല്ല ചൂടുള്ള പാനീയങ്ങളോ ഭക്ഷണമോ കഴിച്ച് നാവ് പൊള്ളാത്തവരുണ്ടാകില്ല.നാവിലെ മൃദുവായ തൊലി പൊള്ളിയാലുള്ള വേദന കഠിനമാണ്.പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ചിലര്‍ക്ക് പിന്നെ രണ്ടുദിവസത്തേക്ക് ചൂടുള്ളതൊന്നും തന്നെ കഴിക്കാന്‍ പറ്റില്ല. ചിലരാണെങ്കില്‍ വേദന സഹിച്ച് കഴിക്കും. ഇങ്ങനെയൊക്കെ ആണെങ്കിലും നാവ് പൊള്ളിയാല്‍ സാധാരണയായി നമ്മള്‍ ഒന്നും ചെയ്യാറില്ല. രണ്ട് ദിവസം കഴിഞ്ഞ് അത് സ്വയം ഭേദമാകാറാണ്.
പക്ഷേ നാവ് പൊള്ളുമ്പോഴുള്ള വേദനയ്ക്കും പുകച്ചിലിനും അപ്പോള്‍ തന്നെ ആശ്വാസമേകാന്‍ ചില നുറുങ്ങിവിദ്യകളുണ്ട്. അടുത്ത തവണ നാവ് പൊള്ളുമ്പോള്‍ ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ.
ഐസ് വായിലിടുകയോ ഐസ്‌ക്രീം കഴിക്കുകയോ ചെയ്യാം
ഒരു കഷ്ണം ഐസെടുത്ത് അതിന്റെ വെള്ളം പതിയെപ്പതിയെ വായിലേക്ക് വലിച്ചെടുത്താല്‍ പൊള്ളിയത് മൂലമുള്ള പുകച്ചിലിന് ആശ്വാസം ലഭിക്കും. പക്ഷേ ഐസ് എടുത്ത് പൊള്ളിയ നാവില്‍ വെച്ച് അലിയിച്ചാല്‍ തൊലി പൊളിയാന്‍ സാധ്യതയുണ്ട്.
തണുത്ത പാനീയങ്ങള്‍ കുടിക്കുക
നാവ് പൊള്ളിയ ഉടന്‍ അല്‍പ്പം തണുത്ത വെള്ളം കുടിക്കുക. പൊള്ളിയ ദിവസം മുഴുവന്‍ ചൂടുള്ള പാനീയങ്ങള്‍ ഒഴിവാക്കി തണുത്ത വെള്ളം കുടിക്കാന്‍ ശ്രമിക്കുക.
ഉപ്പുവെള്ളം കവിളുക
നാവ് പൊള്ളിയത് മൂലം ഏതെങ്കിലും രീതിയിലുള്ള അണുബാധ വരുന്നത് ഒഴിവാക്കാന്‍ പൊള്ളിയതിന് ശേഷം ഉപ്പ് വെള്ളം ഉപയോഗിച്ച് വായ കഴുകുക. ഇത് അസ്വസ്ഥത മാറാനും പെട്ടെന്ന് മുറിവുണങ്ങാനും സഹായിക്കും.
തേനും പഞ്ചസാരയും
തേനിന് ബാക്ടീരിയകളെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് പൊള്ളിയതിന് ശേഷം അല്‍പ്പം തേന്‍ നാവില്‍ പുരട്ടുന്നതിലൂടെ ബാക്ടീരിയ മൂലമുള്ള അണുബാധ ഒഴിവാക്കാം. തേനോ പഞ്ചസാരയോ പൊള്ളിയ സ്ഥലത്ത് പുരട്ടുക. വേദന കുറയ്ക്കാനും അണുബാധ തടുക്കാനും ഇത് നല്ലതാണ്.
തണുത്ത ഭക്ഷണങ്ങള്‍ കഴിക്കുക
തൈര്, ഐസ്‌ക്രീം, കേക്ക് പോലെ തണുത്ത ഭക്ഷണങ്ങള്‍ നാവിലെ പൊള്ളലിന് ആശ്വസമേകും. കഴിക്കുന്ന ഭക്ഷണത്തിലും നാവിന് തണുപ്പ് നല്‍കുന്ന സാധനങ്ങള്‍ ഉള്‍പ്പെടുത്തുക.
ഓര്‍ക്കുക, നാവ് പൊള്ളിയത് മൂലമുള്ള ആദ്യത്തെ അസ്വസ്ഥതയും വേദനയും കുറയ്ക്കാന്‍ പെട്ടെന്ന് ചെയ്യാവുന്ന കാര്യങ്ങളാണ് ഇവ. വേദനയും പൊള്ളല്‍ മൂലമുള്ള ബുദ്ധിമുട്ടുകളും തുടരുകയാണെങ്കില്‍ വൈദ്യസഹായം തേടുക.













Discussion about this post