കോട്ടയം: നിഖിൽ തോമസിനെതിരെ പരാതി നൽകാനുള്ള നടപടികൾ ആരംഭിച്ച് കലിംഗ സർവ്വകലാശാല. നിഖിലിന്റെ വിലാസം അടക്കമുള്ള രേഖകൾ ശേഖരിക്കാൻ സർവ്വകലാശാല ലീഗൽ സെൽ നടപടികൾ ആരംഭിച്ചു. കേരളത്തിൽ നേരിട്ടോ അല്ലാതെയോ പഠന കേന്ദ്രം ഇല്ലെന്നും സർവ്വകലാശാല പറയുന്നു. നിഖിൽ തോമസിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവ്വകലാശാലയും ഇന്നലെ വെളിപ്പെടുത്തിയിരുന്നു. നിഖിൽ തോമസ് എന്നൊരു വിദ്യാർത്ഥി അവിടെ പഠിച്ചിട്ടില്ലെന്നായിരുന്നു കലിംഗ സർവ്വകലാശാലയുടെ വെളിപ്പെടുത്തൽ.
അതേസമയം കലിംഗ സർവ്വകലാശാലയുടെ ബികോം കോഴ്‌സിന് കേരള സർവ്വകലാശാലയുടെ അംഗീകാരം തേടിയെത്തിയ ആദ്യ അപേക്ഷകനും നിഖിൽ തോമസ് ആണെന്നാണ് വിവരം. ആദ്യത്തെ അപേക്ഷകനെന്ന നിലയിൽ കലിംഗ സർവ്വകലാശാല സാക്ഷ്യപ്പെടുത്തിയ സ്‌കീം, സിലബസ്, അവിടത്തെ വിദ്യാർത്ഥിയെന്ന് തെളിയിക്കുന്ന
മാർക്ക് ലിസ്റ്റ്, ടിസി, പ്രൊവിഷനൽ സർട്ടിഫിക്കറ്റ് എന്നിവയെല്ലാം സമർപ്പിക്കണം. ഇതെല്ലാം നിഖിൽ സർവ്വകലാശാലയിൽ സമർപ്പിച്ചിരുന്നു. ഈ രേഖകളെല്ലാം കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് വിവരം.
Discussion about this post