ആധുനിക ജീവിതശൈലി മനുഷ്യരുടെ ആരോഗ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന കാലമാണിത്. ഫിസിക്കല്‍ ആക്ടിവിറ്റിയിലുള്ള കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയെല്ലാം ഇന്ന് മനുഷ്യരെ രോഗശയ്യയിലാക്കിയിരിക്കുന്നു. ഇന്നത്തെ കാലത്തെ ഏറ്റവും മോശം ആരോഗ്യശീലങ്ങളിലൊന്ന് പഞ്ചസാരയുടെ അമിതോപയോഗം തന്നെയാണ്. വെളുത്ത വിഷമെന്ന ദുഷ്‌പേര് ഉണ്ടെങ്കിലും പഞ്ചസാര വേണ്ടെന്നുവെക്കാന്‍ ആര്‍ക്കുമാകുന്നില്ല എന്നതൊരു വാസ്തവമാണ്. എന്നാല്‍ ഹൃദയാഘാതം, പൊണ്ണത്തടി, പ്രമേഹം, മറ്റ് നിരവധി ഗുരുതര അനാരോഗ്യാവസ്ഥകള്‍ എന്നിവ ഉണ്ടാക്കുന്നതില്‍ പഞ്ചസാരയ്ക്ക് വലിയ പങ്കുണ്ട് എന്ന സത്യം ഉള്‍ക്കൊണ്ടാല്‍ പഞ്ചസാരയെ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ പലര്‍ക്കും കഴിയും.
ഇനി അതും സാധിക്കാത്തവര്‍ക്ക് പഞ്ചസാര ഉപേക്ഷിക്കാന്‍ പ്രചോദനം നല്‍കുന്ന മറ്റൊരു കാര്യമുണ്ട്. പഞ്ചസാര കുറച്ച് ദിവസത്തേക്കെങ്കിലും ഉപേക്ഷിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന നല്ല മാറ്റങ്ങള്‍ അനുഭവിച്ചറിയല്‍. കേവലം ഒരാഴ്ച പഞ്ചസാര ഉപയോഗിക്കാതിരുന്നാല്‍ ശരീരത്തിലത് വലിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കും. ഇനിയത് ഒരു മാസമായി ദീര്‍ഘിപ്പിച്ചാലോ, നിങ്ങളുടെ ശാരീരിക ക്ഷേമത്തില്‍ വിപ്ലവകരമായ മാറ്റമായിരിക്കും അതുകൊണ്ട് ഉണ്ടാകുക. അത്തരത്തില്‍ ഒരു മാസം പഞ്ചസാരയോട് നോ പറഞ്ഞാല്‍ ശരീരത്തില്‍ ഉണ്ടാകാനിടയുള്ള നല്ല മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഭാരം കുറയ്ക്കാം
കൂടുതല്‍ അളവില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കലോറി പൂരിതമായിരിക്കും. സ്വാഭാവികമായും അവ കഴിക്കുമ്പോള്‍ ശരീരഭാരം കൂടും. പഞ്ചസാര കൂടുതലായി ഉപയോഗിക്കുന്നത് കൊണ്ട് നമ്മുടെ ആന്തരികാവയവങ്ങള്‍ക്ക് ചുറ്റുമായി കാണപ്പെടുന്ന കൊഴുപ്പും (വിസെറല്‍ ഫാറ്റ്) വര്‍ധിക്കും. പഞ്ചസാരയ്ക്ക് ബദലായി പഴങ്ങളും നാച്ചുറല്‍ ഷുഗര്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നതിലൂടെ ആവശ്യ പോഷകങ്ങളും പ്രോട്ടീനും ശരീരത്തിലെത്തിക്കാം എന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കാനും സാധിക്കും.
പ്രമേഹത്തെ അകറ്റിനിര്‍ത്താം
ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. പല രൂപങ്ങളില്‍ പഞ്ചസാര ശരീരത്തിലെത്തുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും ഇന്‍സുലിന്‍ പ്രതിരോധവും ക്രമാതീതമായി ഉയരും. പഞ്ചസാര ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും അതുകൊണ്ട് ഉണ്ടാകുന്ന അസുഖങ്ങള്‍ ഇല്ലാതാക്കാനും സാധിക്കും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കും. പഞ്ചസാര ഉപയോഗിക്കാത്ത, അല്ലെങ്കില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുക വഴി ഹൃദ്രോഗത്തില്‍ കാര്യമായ കുറവുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പഞ്ചസാര ഉപയോഗം കുറച്ചാല്‍ ട്രൈഗ്ലിസറൈഡ്, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നിവയുടെ അളവും കുറയ്ക്കാം.
കരളിന്റെ ആരോഗ്യത്തിനും നല്ലത്
ഫാറ്റി ലിവര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ അമിത മദ്യപാനം കൊണ്ടുണ്ടാകുന്ന രോഗമെന്നാണ് പൊതുവേയുള്ള ധാരണ. അതില്‍ തെറ്റൊന്നുമില്ല. അമിത മദ്യപാനം കൊണ്ട് ഈ രോഗം വരാം. എന്നാല്‍ പഞ്ചസാര കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് ഫ്രക്ടോസിന്റെ രൂപത്തില്‍ പഞ്ചസാര ശരീരത്തിലെത്തുന്നത,് മദ്യപാനം കൊണ്ടല്ലാത്ത ഫാറ്റി ലിവര്‍ അസുഖത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.
പല്ലുകളുടെ കാര്യം പറയാനുണ്ടോ
മധുരം അധികമായി കഴിച്ചാല്‍ പല്ലുകളുടെ കാര്യം പോക്കാണെന്ന കാര്യം കുട്ടിക്കാലം മുതല്‍ക്ക് കേള്‍ക്കുന്നതാണ്. പല്ലില്‍ പോട് ഉണ്ടാകാനും മോണരോഗം ഉണ്ടാകാനുമുള്ള പ്രധാന കാരണങ്ങളിലൊന്നാണ് അമിതമായ പഞ്ചസാര ഉപയോഗം. കുട്ടികളില്‍ മാത്രമല്ല, മുതിര്‍ന്നവരിലും ഇക്കാലത്ത് ദന്തരോഗങ്ങള്‍ സാധാരണമാണ്. വായ്ക്കുള്ളിലെ ബാക്ടീരിയ പഞ്ചസാരയെ വിഘടിപ്പിച്ച് ആസിഡ് ഉണ്ടാക്കുന്നു. ഈ ആസിഡ് പല്ലിന് ഹാനികരമാണ്. പഞ്ചസാര ഉപയോഗം കുറച്ചാല്‍ സ്വാഭാവികമായും പല്ലിന്റെ പ്രശ്‌നങ്ങളും കുറയും.
പഞ്ചസാര കുറയ്ക്കൂ, ഊര്‍ജ്ജം കൂട്ടൂ
പാനീയങ്ങളിലൂടെയും ഭക്ഷണത്തിലൂടെയും പഞ്ചസാര കൂടുതലായി ശരീരത്തിലെത്തുന്നത് കുറച്ചാല്‍ അത് ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജമേകും. ഫാസ്റ്റ് ഫുഡിനും സംസ്‌കരിച്ച ഭക്ഷണത്തിനും പകരം പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഹെല്‍ത്തി ഫാറ്റ്, എന്നിവ കൂടുതലുള്ള ഭക്ഷണം ശീലമാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജമേകുകയും ചെയ്യും.
Discussion about this post