ഭോപ്പാൽ : കുടുംബത്തിന്റെ അനുവാദമില്ലാതെ വിവാഹം കഴിച്ചതിന് നവദമ്പതികളെ കൊന്ന് നദിയിലെറിഞ്ഞു. മദ്ധ്യപ്രദേശിലെ മൊറേനയിലാണ് സംഭവം. പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേർന്നാണ് കൊല നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ആറു പേരെ അറസ്റ്റ് ചെയ്തു.
പതിനെട്ട് വയസ്സുള്ള ശിവാനി തോമർ ഭർത്താവ് രാധേശ്യാം തോമർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും കുടുംബത്തിന്റെ അനുവാദമില്ലാതെ വിവാഹം കഴിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹങ്ങൾ ചമ്പൽ നദിയിൽ എറിയുകയായിരുന്നു. മുതലകൾ നിരവധിയുള്ള ഭാഗത്താണ് മൃതദേഹങ്ങൾ എറിഞ്ഞതെന്ന് രാജ്പാൽ തോമറുകളും സഹായികളും പോലീസിനോട് പറഞ്ഞു.
മൃതദേഹങ്ങൾ വീണ്ടെടുക്കാനായി ഊർജ്ജിതമായി തിരച്ചിൽ നടത്തുന്നുണ്ടെന്ന് മോറേന സൂപ്രണ്ട് ഓഫ് പോലീസ് ശൈലേന്ദ്ര ചൗഹാൻ അറിയിച്ചു. അറസ്റ്റിലായവർ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ജൂൺ 4 മുതൽ രാധേശ്യാമിന് കാണാനില്ലായിരുന്നുവെന്ന് അച്ഛൻ ലഖൻ സിംഗ് പറഞ്ഞു. പോലീസിൽ പരാതിപ്പെട്ടിരുന്നുവെന്നും ശക്തമായ അന്വേഷണം നടന്നിരുന്നുവെങ്കിൽ കൊലപാതകം ഉണ്ടാകില്ലായിരുന്നെന്നും ലഖൻ സിംഗ് ചൂണ്ടിക്കാട്ടി.
Discussion about this post