ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ. ആദ്യ സ്‌റ്റേറ്റ് സന്ദർശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഇന്ന് ന്യൂയോർക്കിൽ എത്തിയിരിക്കുന്നത്. നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി വിപുലമായ ചടങ്ങുകളാണ് യുഎസ് സംഘടിപ്പിച്ചിട്ടുള്ളത്. വൻ ശക്തിയാകാനുള്ള ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കുമെന്ന് വൈറ്റ് ഹൌസ് അറിയിച്ചിട്ടുണ്ട്.
വിമാനം ഇറങ്ങിയ മോദിയെ ടാർമാക്കിൽ ഫ്ലൈറ്റ്-ലൈൻ സ്വാഗതം ചെയ്യും. 21 ഗൺ സല്യൂട്ട്, ഫ്ളാഗ് സ്ട്രീറ്റ് ലൈനിംഗ് ചടങ്ങ് എന്നിവയും നടക്കും. 22 ന് വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിൽ നടക്കുന്ന ചരിത്രപരമായ സ്റ്റേറ്റ് ഡിന്നറിൽ പ്രസിഡന്റ് ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ചേർന്ന് ഇന്ത്യൻ പ്രധാനമന്ത്രിക്ക് വിരുന്നൊരുക്കും. ഈ ചടങ്ങുകളിൽ നയതന്ത്ര സമ്മാനങ്ങളുടെ കൈമാറ്റവും നടക്കും.
നാളെ യുഎൻ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിന ചടങ്ങിന് പ്രധാനമന്ത്രി നേതൃത്വം വഹിക്കും. ഇതാദ്യമായാണ് യോഗ ദിനത്തോടനുബന്ധിച്ചുള്ള പ്രധാന പരിപാടികൾ വിദേശ രാജ്യത്ത് നടക്കുന്നത്. തുടർന്ന് ട്വിറ്റർ മേധാവി ഇലോൺ മസ്‌കുമായി പ്രധാനമന്ത്രി കൂടിക്കാ്ച നടത്തും.
തുടർന്നാണ് മോദി-ബൈഡൻ കൂടിക്കാഴ്ച നടക്കുക. സന്ദർശനത്തിന്റെ രണ്ടാം ദിവസം നരേന്ദ്ര മോദിയെ ബൈഡൻ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്യും. ആയിരത്തിലധികം ആളുകൾ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് മോദിയും ബൈഡനും നിർണായക ചർച്ചകൾ നടത്തും.
വെളളിയാഴ്ച യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള വിരുന്നിന് പ്രധാനമന്ത്രിക്ക് ക്ഷണമുണ്ട്. തുടർന്ന് സിഇഒമാർ, പ്രൊഫഷണലുകൾ,വ്യവസായികൾ എന്നിവരുമായും അദ്ദേഹം ആശയവിനിമയം നടത്തും.
വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ ബിൽഡിംഗ് ആന്റ് ഇന്റർനാഷണൽ ട്രേഡ് സെന്ററിൽ നടക്കുന്ന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും . വൈകുന്നേരം 7 മണി മുതൽ 9 മണി വരെ (പ്രാദേശിക സമയം) ആണ് പരിപാടി.












Discussion about this post