ന്യൂയോർക്ക്: ഇന്ത്യക്കാരെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം. വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്കുള്ള യാത്രാ മദ്ധ്യേ നിരവധി ഇന്ത്യക്കാരാണ് മോദിയെ കാണാൻ വഴിയരികിൽ കാത്ത് നിന്നത്. ഹോട്ടൽ ലോട്ടെയിൽ എത്തിയ അദ്ദേഹത്തിന് ഇന്ത്യക്കാർ ഉജ്ജ്വല സ്വീകരണവും നൽകി.
ഭാരത് മാതാ കി ജയ് എന്ന വിളികളോടെയായിരുന്നു പ്രധാനമന്ത്രിയെ ഇന്ത്യക്കാർ വരവേറ്റത്. പ്രധാനമന്ത്രിയെ കണ്ട് ആവേശഭരിതരായ അവർ കയ്യടിക്കുകയും ത്രിവർണ പതാക വീശുകയും ചെയ്തു. ഏവരെയും അഭിവാദ്യം ചെയ്ത ശേഷം ആയിരുന്നു അദ്ദേഹം വിശ്രമിക്കാനായി പോയത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയത്. ന്യൂയോർക്കിൽ വിമാനം ഇറങ്ങിയ അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണം ആയിരുന്നു ലഭിച്ചത്. നാല് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം അമേരിക്കയിൽ എത്തിയത്. ഇന്ന് യുഎൻ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിന ചടങ്ങിന് പ്രധാനമന്ത്രി നേതൃത്വം നൽകും. വരും ദിവസങ്ങളിൽ വിവിധ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി പ്രസിഡന്റ് ജോ ബൈഡനുമായി നിർണായക ചർച്ചകളും നടത്തും.
Discussion about this post