തിരുവനന്തപുരം: കലിംഗ സർവ്വകലാശാലയുടെ വ്യജ സർട്ടിഫിക്കറ്റിൽ 65.73 ശതമാനം മാർക്കോടെ ഫസ്റ്റ് ക്ലാസിൽ ബികോം ജയിച്ച നിഖിൽ കായംകുളം എംഎസ്എം കോളേജിൽ എഴുതിയ ബികോം പരീക്ഷയിൽ ജയിച്ചത് ഒന്നാം സെമസ്റ്ററിൽ മാത്രം. ബാക്കി അഞ്ച് സെമസ്റ്ററിലും തോറ്റു. ആറാമത്തെ സെമസ്റ്ററിൽ പ്രോജക്ടിന് മാത്രമാണ് ജയിച്ചത്. കലിംഗ സർവ്വകലാശാലയുടെ പേരിൽ നിഖിൽ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റുകളാണ് ഹാജരാക്കിയിരുന്നത്. എംഎസ്എം കോളേജിൽ സെമസ്റ്റർ പരീക്ഷകളാണ് നിഖിൽ എഴുതിയത്.
ഈ പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ കേരള സർവ്വകലാശാലയിൽ ഉണ്ട്. ഇതേസമയം കലിംഗയിൽ പഠിച്ചുവെന്ന സർട്ടിഫിക്കറ്റാണ് നിഖിൽ പിജി പ്രവേശനത്തിന് ഹാജരാക്കിയത്. എംകോമിന് പ്രവേശനം കിട്ടാൻ ഉയർന്ന മാർക്ക് ഉണ്ട് എന്ന രീതിയിലാണ് മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയത്. എംഎസ്എമ്മിൽ പഠിച്ചപ്പോൾ ആറ് സെമസ്റ്ററുകളിൽ ഒന്നിൽ മാത്രമാണ് നിഖിൽ ജയിച്ചത്. അതും ഒന്നാം സെമസ്റ്ററിൽ മാത്രം. രണ്ട് തവണ എഴുതി ഡി ഗ്രേഡോഡെയാണ് എല്ലാ പേപ്പറും ജയിച്ചത്. പിന്നീടുള്ള ഒരു സെമസ്റ്ററിൽ പോലും ഇയാൾക്ക് ജയിക്കാനും സാധിച്ചിട്ടില്ല.
എന്നാൽ കലിംഗയുടെ പേരിൽ ഹാജരാക്കിയ വ്യാജ സർട്ടിഫിക്കറ്റ് പ്രകാരം ഒന്നാം വർഷം 850ൽ 569 മാർക്കും, രണ്ടാം വർഷം 900ത്തിൽ 576 മാർക്കും മൂന്നാം വർഷം 850ൽ 584 മാർക്കും നേടിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിഖിലിന്റെ പ്ലസ്ടു ഫലവും അത്ര മെച്ചമല്ല. മൂന്ന് സി, രണ്ട് സി പ്ലസ്, ഒരു ബി ഗ്രേഡ് എന്നിങ്ങനെയാണ് 2017 മാർച്ചിലെ പ്ലസ്ടു പരീക്ഷാ ഫലം.
Discussion about this post