അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ മുങ്ങിക്കപ്പലിനായി തിരച്ചിൽ ഊർജ്ജിതം. മഞ്ഞുമലയിൽ ഇടിച്ച് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ വിനോദസഞ്ചാരികളുമായി പോയതായിരുന്നു അന്തർവാഹിനി. അഞ്ച് യാത്രക്കാരാണ് പര്യവേഷണത്തിനായി പുറപ്പെട്ടത്.
മുങ്ങിക്കപ്പലിൽ ഉണ്ടായിരുന്നവരിൽ ബ്രിട്ടീഷ് സാഹസികനായ ഹാമിഷ് ഹാർഡിംഗുമുണ്ടെന്നാണ് വിവരം. ഇന്ത്യയിൽ ചീറ്റകളെ എത്തിച്ച സംഘത്തിൽ ഉൾപ്പെട്ട വ്യക്തിയാണ് ഹാമിഷ് ഹാർഡിംഗ്. ഏകദേശം 2 കോടി രൂപ നൽകിയാണ് അദ്ദേഹം ടൈറ്റാനിക് കാണാനിറങ്ങിയത്. ‘ഞങ്ങൾ നമീബിയയിലെ വിൻഡോക്കിലാണ്. യുഎഇയിൽ നിന്ന് ബോയിംഗ് 747 ൽ നമീബിയയിൽ എത്തിയതാണ് ഞങ്ങൾ. അടുത്ത 48 മണിക്കൂറിൽ ചീറ്റകളെ മുങ്ങിക്കപ്പലിൽ കയറ്റും. 75 വർഷത്തിന് ശേഷം ഇതാദ്യമായാണ് ചീറ്റകൾ ഇന്ത്യയിലെത്തുന്നത്’ എന്നായിരുന്നു ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചതിനെ കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നത്.
കനേഡിയൻ കപ്പലായ പോളാർ പ്രിൻസിൽനിന്ന് ഞായറാഴ്ച രാവിലെയാണ് ടൈറ്റൻ ജലപേടക സംഘം യാത്ര തിരിച്ചത്. എന്നാൽ, ഏകദേശം ഒരു മണിക്കൂറും നാൽപ്പത്തഞ്ചു മിനിറ്റും കഴിഞ്ഞപ്പോൾ പോളാർ പ്രിൻസിന് ജലപേടകവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. പേടകത്തിലുള്ള അഞ്ചു പേരെയും രക്ഷിക്കാൻ സാധ്യമായ എല്ലാം ചെയ്യുമെന്ന് ഓഷ്യൻഗേറ്റ് എക്സ്പെഡീഷൻസ് കമ്പനി അറിയിച്ചിട്ടുണ്ട്.കാണാതായവരെ കണ്ടെത്താനുള്ള ശ്രമം സജീവമായി തുടരുകയാണ്. യുഎസ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
Discussion about this post