കൊച്ചി: കേരളത്തിന്റെ എതിർപ്പ് മറികടന്ന് സംസ്ഥാനത്ത് കൂടുതൽ ഔട്ട്‌ലറ്റുകൾ തുറക്കാനൊരുങ്ങി നന്ദിനി. ആറ് മാസത്തിനുള്ളിൽ 25 ഔട്ട്‌ലറ്റുകൾ തുറക്കാനാണ് പരിപാടി. രണ്ട് വർഷത്തിനുള്ളിൽ ഓരോ താലൂക്കിലും ഔട്ട്‌ലറ്റുകൾ തുടങ്ങാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ ചെറുകിട കടകൾക്ക് ഇതിന്റെ ഏജൻസി നൽകില്ല.
പാൽ കൃത്യമായ ഊഷ്മാവിൽ സംഭരിച്ച് എത്തിക്കാനായി വാഹനവും സൂക്ഷിക്കാൻ സൗകര്യമുള്ള കോൾഡ് സ്റ്റോറേജും ഉള്ളവർക്ക് മാത്രമേ ഏജൻസി നൽകാനാകൂ എന്നാണ് നന്ദിനിയുടെ നിലപാട്. രണ്ടരലക്ഷം ലിറ്റർ വിപണിയിലെത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. പുതിയ നീക്കങ്ങൾ പ്രകാരം ഓരോ ജില്ലയിലും രണ്ട് ഔട്ട്‌ലറ്റുകൾ വീതമെങ്കിലും ഉണ്ടാകും. ജനസാന്ദ്രത അനുസരിച്ച് ഔട്ട്‌ലറ്റുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകും. പുതിയതായി തുടങ്ങുന്ന ഔട്ട്‌ലറ്റുകൾ വഴിയാകും 25,000 ലിറ്റർ പാൽ വിതരണം ചെയ്യുന്നത്.
നിലവിൽ കാക്കനാട്, എളമക്കര, പന്തളം, മഞ്ചേരി, തിരൂർ, തൊടുപുഴ എന്നിവിടങ്ങളിലാണ് നന്ദിനിക്ക് ഔട്ട്‌ലറ്റുകൾ ഉള്ളത്. കോഴിക്കോട്, തലശേരി, ഗുരുവായൂർ എന്നിവിടങ്ങളിൽ അടുത്ത ഘട്ടത്തിലായി ഔട്ട്‌ലറ്റുകൾ തുടങ്ങുന്നത്. അതിന് ശേഷം 16 ഔട്ട്‌ലറ്റുകള് കൂടി ആരംഭിക്കും.
Discussion about this post