ന്യൂഡൽഹി : പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് വർഷത്തോളം താമസിച്ച ശേഷം പണം നൽകാതെ അതിഥി മുങ്ങി. 58 ലക്ഷം രൂപയാണ് ഹോട്ടലിന് നഷ്ടമായത്. എയ്‌റോസിറ്റിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള റോസേറ്റ് ഹൗസ് എന്ന ഹോട്ടലാണ് തട്ടിപ്പിന് ഇരയായത്.
അങ്കുഷ് ദത്ത എന്നയാൾ 603 ദിവസം ഹോട്ടലിൽ താമസിച്ച ശേഷ ബില്ലടയ്ക്കാതെ മുങ്ങുകയായിരുന്നു. തുടർന്ന് റോസേറ്റ് ഹോട്ടൽ നടത്തിപ്പുകാരായ ബേർഡ് എയർപോർട്ട് ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധി വിനോദ് മൽഹോത്ര പോലീസിൽ പരാതി നൽകി.
ചില ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെയാണ് അങ്കുഷ് തട്ടിപ്പ് നടത്തിയത് എന്ന് എഫ്‌ഐആറിൽ പറയുന്നു. എല്ലാ അതിഥികളും അടയ്ക്കാനുള്ള വാടക കണ്ടെത്താൻ ഹോട്ടലിൽ കംപ്യൂട്ടർ സംവിധാനമുണ്ടായിരുന്നിട്ടും ഹോട്ടലിന്റെ ഫ്രണ്ട് ഓഫീസ് ഡിപ്പാർട്ട്മെന്റ് മേധാവി പ്രേം പ്രകാശ്, മാനദണ്ഡങ്ങൾ ലംഘിച്ച് ദത്തയെ ഏറെ കാലം താമസിക്കാൻ അനുവദിച്ചുവെന്നും എഫ്ഐആറിൽ ആരോപിക്കുന്നു. ഈ സൗകര്യമൊരുക്കി കൊടുക്കാൻ പ്രകാശിന് അങ്കുഷ് പണം നൽകിയതായും സംശയിക്കുന്നുണ്ട്.
2019 മെയ് 30 നാണ് അങ്കുഷ് ദത്ത ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തത്. ഒരു രാത്രിക്ക് വേണ്ടിയാണ് മുറിയെടുത്തത്. അടുത്ത ദിവസം രാവിലെ ചെക്ക് ഔട്ട് ചെയ്യാനായിരുന്നു തീരുമാനമെങ്കിലും പിന്നീടത് 2021 ജനുവരി വരെ അങ്കുഷ് ഇവിടെ താമസിക്കുകയായിരുന്നു. ഒരാൾ ഹോട്ടൽ വാടക അടയ്ക്കാൻ 72 മണിക്കൂർ വൈകിയാൽ അവരുടെ വിവരങ്ങൾ സിഇഒയുടെയും ഫിനാൻഷ്യൽ കൺട്രോളറുടെയും ശ്രദ്ധയിൽപ്പെടുത്തണമെന്നും നിർദ്ദേശം തേടണമെന്നും ഹോട്ടൽ മാനദണ്ഡത്തിൽ പറയുന്നു. എന്നാൽ അങ്കുഷ് വാടക കൊടുക്കാത്ത വിവരം പ്രകാശ് ദത്ത ഹോട്ടലിന്റെ സിഇഒയെയും എഫ്സിയെയും അറിയിച്ചില്ല. പകരം അങ്കുശ് വാടക കൊടുക്കാത്തത് പുറത്തറിയാത്ത വിധത്തിൽ രേഖകളിൽ കൃത്രിമം കാണിക്കുകയും ചെയ്തിരുന്നു.
അങ്കുഷിന്റെ ബിൽ മറ്റുള്ളവർക്കൊപ്പം ചേർക്കുകയും അവർ അത് അടച്ചുവെന്ന് വരുത്തിത്തീർക്കുകയും ചെയ്തു. ചിലരുടെ ബില്ലുകളിൽ അങ്കുഷിന്റെ പേരാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മൂന്ന് തവണയായി അങ്കുഷ് ദത്ത പത്ത് ലക്ഷത്തിന്റെയും ഏഴ് ലക്ഷത്തിന്റെയും 20 ലക്ഷത്തിന്റെയും ചെക്ക് കൈമാറിയിരുന്നു. ഇത് മൂന്ന് പ്രാവശ്യവും ബൗൺസ് ആയെങ്കിലും ഈ വിവരവും പ്രകാശ് മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽ പെടുത്തിയില്ല. വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അക്കൗണ്ടുകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തതിനാൽ ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ഹോട്ടലിന്റെ ആവശ്യം.
Discussion about this post