വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും സമ്മാനങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് ജോ ബൈഡന് ചന്ദനപ്പെട്ടിയും ജിൽ ബൈഡന് ഗ്രീൻ ഡയമണ്ടുമാണ് പ്രധാനമന്ത്രി സമ്മാനിച്ചത്. ചന്ദനപ്പെട്ടിക്കുള്ളിൽ ഒരു വെള്ളി ഗണപതി വിഗ്രഹവും ഒരു ദീപവുമാണ് ഉള്ളത്. പരിസ്ഥിതി സൗഹൃദമായി നിർമ്മിച്ചെടുത്ത 7.5 കാരറ്റ് ഗ്രീൻ ഡയമണ്ടാണ് ജിൽ ബൈഡന് നൽകിയത്.
20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൈകൊണ്ട് നിർമ്മിച്ചെടുത്ത ആന്റിക് അമേരിക്കൻ ബുക്ക് ഗാലിയാണ് പ്രധാനമന്ത്രിക്ക് ബൈഡൻ സമ്മാനിച്ചത്. ഇതിന് പുറമെ ഒരു വിന്റേജ് അമേരിക്കൻ ക്യാമറയും അമേരിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ ഹാർഡ് കവർ പുസ്തകവും അദ്ദേഹം സമ്മാനിച്ചു.
ജോ ബൈഡനും ജിൽ ബൈഡനും. ചേർന്നാണ് പ്രധാനമന്ത്രിയെ വൈറ്റ്ഹൗസിൽ സ്വീകരിച്ചത്. ഇരുവരും ചേർന്ന് പ്രധാനമന്ത്രിയെ വൈറ്റ്ഹൗസിനുള്ളിലേക്ക് സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. വൈറ്റ് ഹൗസിൽ നടക്കുന്ന അത്താഴവിരുന്നിലും പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, പ്രോട്ടോക്കോൾ ഡെപ്യൂട്ടി ചീഫ് അസീം വോറ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വൈറ്റ്ഹൗസിൽ എത്തിയിട്ടുണ്ട്.
Discussion about this post