കായംകുളം: നിഖിൽ പഠിച്ച ഏതെന്ന് ഓർമ്മ ഉണ്ടായിരുന്നില്ലെന്ന് എംഎസ്എം കോളേജിലെ കൊമേഴ്‌സ് മേധാവി സോണി പി.ജോയി. കോളേജ് ആഭ്യന്തര സമിതിക്കാണ് വിശദീകരണം നൽകിയത്. എംഎസ്എം കോളേജിലാണ് നിഖിൽ ബികോം ചെയ്തത്. ഇപ്പോൾ അതേ ഡിപ്പാർട്‌മെന്റിന്റെ മേധാവിയാണ് നിഖിൽ അവിടെ പഠിച്ചത് ഓർമ്മയില്ലെന്ന വിചിത്രവാദം മുന്നോട്ട് വച്ചത്.
പിജി പ്രവേശനത്തിന് എത്തിയപ്പോൾ നിഖിൽ പഠിച്ച ബാച്ച് ഏതാണെന്ന തനിക്ക് ഓർമ്മ ഉണ്ടായിരുന്നില്ലെന്നാണ് സോണി പറുന്നത്. സെനറ്റിലെ ഇടതുപക്ഷ അംഗമാണ് സോണി. കോളേജിൻറെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും, എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് നിഖിലിന്റെ പ്രവേശനമെന്നുമാണ് ആഭ്യന്തര സമിതിയുടെ റിപ്പോർട്ട്. സോണിയുടെ വാദം വിചിത്രമാണെന്നും, വിശ്വസനീയമല്ലെന്നും എംഎസ്എം കോളേജ് യൂണിയൻ ചെയർമാർ ഇർഫാൻ ആരോപിച്ചു.
നിഖിലിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് എംഎസ്എം കോളേജ് നൽകിയ വിശദീകരണത്തിൽ കേരള സർവ്വകലാശാലയും അതൃപ്തി അറിയിച്ചിട്ടുണ്ട്. വീഴ്ച സമ്മതിക്കാതെ കോളേജിനെ വെള്ളപൂശിക്കൊണ്ടുള്ള റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. കള്ള സർട്ടിഫിക്കറ്റ് വിഷയത്തിൽ നിഖിലിനെ കേരള സർവ്വകലാശാലയും കലിംഗ യൂണിവേഴ്‌സിറ്റിയും തള്ളിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.












