പാലക്കാട്: വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ പോലീസ് അറസ്റ്റ് ചെയ്ത മുൻ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയുടെ മൊഴിയിൽ വൈരുദ്ധ്യം. താൻ വ്യാജരേഖ സമർപ്പിച്ചിട്ടില്ലെന്ന് മൊഴി നൽകിയ വിദ്യ, പക്ഷേ ബയോഡേറ്റ തയ്യാറാക്കിയത് താൻ തന്നെയാണെന്നും സമ്മതിച്ചു. ഈ ബയോഡേറ്റയിൽ മഹാരാജാസിലെ പ്രവൃത്തി പരിചയം അവകാശപ്പെടുന്നുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡേറ്റയാണ് വിദ്യ അട്ടപ്പാടി ഗവ.കോളേജിൽ സമർപ്പിച്ചത്.
രാഷ്ട്രീയവൈരം മൂലം തന്നെ കരുവാക്കുകയായിരുന്നു. പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജസർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. മഹാരാജാസിൽ കൂടെ പഠിച്ചവരും കോൺഗ്രസിന്റെ അധ്യാപക സംഘടനാ നേതാക്കളും ചേർന്നാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. കുറ്റം ചെയ്തത് കൊണ്ടല്ല ഒളിവിൽ പോയത്. അഭിഭാഷകന്റെ നിർദ്ദേശപ്രകാരമാണ് ഒളിവിൽ പോയതെന്നും വിദ്യ പറയുന്നു.
അതേസമയം വിദ്യയുടെ ആരോപണങ്ങൾ അട്ടപ്പാടി കോളേജിലെ പ്രിൻസിപ്പൽ നിഷേധിച്ചു. അഭിമുഖത്തിന്റെ അന്ന് ആദ്യമായിട്ടാണ് വിദ്യയെ കാണുന്നതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ഇന്ന് ഉച്ചയോടെ വിദ്യയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞദിവസം അർധരാത്രിയോടെയാണ് വിദ്യയെ അഗളിയിൽ എത്തിച്ചത്. കോഴിക്കോട് മേപ്പയ്യൂരിലെ ആവള- കുട്ടോത്ത് നിന്നാണ് വിദ്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
Discussion about this post