ന്യൂയോർക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിലൂടെ രാജ്യത്തിന്റെ പ്രതിരോധരംഗത്തിന് ലഭിച്ചത് അമേരിക്കയുമായുള്ള വമ്പൻ കരാർ. ഇന്ത്യൻ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്എഎൽ) ജിഇ എയ്‌റോസ്‌പേസ് ധാരണാപത്രം ഒപ്പുവെച്ചു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് രൂപകൽപ്പന ചെയ്ത ലൈറ്റ് കോംപാക്റ്റ് എയർക്രാഫ്റ്റിൻറെ നൂതന പതിപ്പ് അമേരിക്കയുമായി സഹകരിച്ച് നിർമിക്കുന്നതടക്കമുള്ളവയാണ് കരാർ. ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഊർജം പകരുന്നതാണ് ഇത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജിഇയുടെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ജിഇ എയ്റോസ്പേസ് സിഇഒയുമായ എച്ച് ലോറൻസ് കൾപ്പ് ജൂനിയറും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചരിത്രപരമായ കരാറിൽ ഇരു കമ്പനികളും ഒപ്പുവച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിലെ നാഴികകല്ലായിരുന്നു കൂടിക്കാഴ്ചയെന്നും ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ സഹകരണം ബലപ്പെടുത്തുന്നതിൽ കരാർ സഹായകരമാവുമെന്നും ജിഇ എയ്‌റോസ്‌പേസ് വ്യക്തമാക്കി.
ഇന്ത്യയിൽ ജിഇ എയ്റോസ്പേസിന്റെ F414 എഞ്ചിനുകളുടെ സംയുക്ത ഉൽപ്പാദനം കരാറിൽ ഉൾപ്പെടുന്നുവെന്നും ചരിത്രപരമായ കരാറാണ് ഇതെന്നും ജിഇയുടെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ജിഇ എയ്റോസ്പേസ് സിഇഒയുമായ എച്ച് ലോറൻസ് കൾപ്പ് വ്യക്തമാക്കി. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കരാർ അനുസരിച്ച് വിമാന എഞ്ചിനുകൾ ഇന്ത്യയിൽ തന്നെ നിർമിക്കും. ഫൈറ്റർ എഞ്ചിനുകൾ, ലോംഗ് റേഞ്ച് പീരങ്കികൾ, യുദ്ധ വാഹനങ്ങൾ എന്നിവയുടെ സംയുക്ത ഉത്പാദനം ഇരുരാജ്യത്തിന്റേയും പ്രതിരോധ വ്യവസായങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.
ജി.ഇ. എയ്റോസ്പേസിന്റെ എഫ് 414 എൻജിനുകളാണ് ഇന്ത്യയ്ക്കായി നിർമിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൽ പങ്ക് വഹിക്കുന്നതിൽ അഭിമാനമുണ്ടെന്നും എഫ് 414 എഞ്ചിനുകൾ സമാനതകൾ അവകാശപ്പെടാനാകാത്തതാണെന്നും ഇരു രാജ്യങ്ങൾക്കും മികച്ച സാമ്പത്തിക, ദേശീയ സുരക്ഷയുറപ്പാക്കുന്നതാണെന്നും ജി.ഇ എയ്‌റോസ്‌പേസ് വ്യക്തമാക്കി.
Discussion about this post