വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും ജനാധിപത്യ രാജ്യങ്ങളാണെന്നും, ജനാധിപത്യം എന്നത് ഇന്ത്യയുടെ ഡിഎൻഎ ആണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജോ ബൈഡനുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം ഇന്ത്യയുടെ സിരകളിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ എന്തുചെയ്യും എന്ന ചോദ്യത്തോടായാരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ഈ ചോദ്യത്തിൽ തനിക്ക് ആശ്ചര്യം തോന്നുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രധാനമന്ത്രി മറുപടി പറഞ്ഞത്. ” ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ജനാധിപത്യം നമ്മുടെ ആത്മാവിന്റെ ഭാഗമാണ്, അത് നമ്മുടെ രക്തമാണ്. നമ്മൾ ജനാധിപത്യത്തിൽ ജീവിക്കുകയും ശ്വസിക്കുകയുമാണ് ചെയ്യുന്നത്. അത് നമ്മുടെ ഭരണഘടനയിലും വ്യക്തമാണ്. മനുഷ്യാവകാശങ്ങളും മൂല്യങ്ങളും ഇല്ലെങ്കിൽ ജനാധിപത്യമില്ല. ജനാധിപത്യ രാജ്യത്ത് വിവേചനത്തിന്റെ പ്രശ്‌നങ്ങളും ഉണ്ടാകുന്നില്ല.
ഇന്ത്യയിൽ സർക്കാർ നടപ്പാക്കുന്ന ഒരു പദ്ധതികളിലും ജാതി മത വിവേചനങ്ങളില്ല. മതമോ ജാതിയോ പ്രായമോ ഭൂമിശാസ്ത്രമോ നോക്കാതെയുള്ള സൗകര്യങ്ങളാണ് എല്ലാവർക്കും നൽകുന്നത്. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസം എന്നതിൽ അടിയുറച്ചാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നും” അദ്ദേഹം പറയുന്നു.
Discussion about this post