ന്യൂഡൽഹി : ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനാവാല. രാജ്യത്തെ എല്ലാ സമുദായക്കാർക്കും രാജ്യത്ത് തുല്യമായ അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ആരോപിച്ച് യുഎസ് ഡെമോക്രാറ്റിക് പാർട്ടിയിലെ വനിതാ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇൽഹാൻ ഒമർ, റാഷിദ ത്‌ളാബ് എന്നിവരാണ് മോദി സർക്കാർ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നുവെന്ന് ആരോപിച്ചത്. ഇതിന് മറുപടി നൽകിക്കൊണ്ടാണ് ഷെഹസാദ് പൂനാവാല രംഗത്തെത്തിയത്.
”ഞാനും ഒരു ഇന്ത്യൻ മുസ്ലീമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ ഭാരതീയ ജനത പാർട്ടിയുടെ ദേശീയ വക്താവ് കൂടിയാണ്. ദേശീയതലത്തിലും ആഗോളതലത്തിലുമുള്ള എല്ലാ പ്രധാന വേദികളിലും ഞാൻ എന്റെ രാജ്യത്തിനും പാർട്ടിക്കും വേണ്ടി സംസാരിക്കും.
ഇവിടെ 80 കോടി ആളുകൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നു. 11 കോടി ആളുകൾക്ക് ശൗചാലയ സൗകര്യമുണ്ട്, 110 ദശലക്ഷം കുടുംബങ്ങൾക്ക് ടാപ്പ് വാട്ടർ കണക്ഷനുണ്ട്, 35 ദശലക്ഷം പാവപ്പെട്ടവർക്ക് കോൺക്രീറ്റ് വീടുകളും ലഭിക്കുന്നുണ്ട്. മേരിക്കും മാത്യുവിനും, മുഹമ്മദിനും, മാധവിനും, ശിൽപയ്ക്കും ഇത് ലഭിക്കും,” അദ്ദേഹം പറഞ്ഞു.
ആന്റി സെമിറ്റിക് അഭിപ്രായപ്രകടനങ്ങൾ നടത്തുന്ന, തീവ്ര ഇസ്ലാമിസ്റ്റുകളെ സംരക്ഷിക്കുന്ന, ഈ വിഷയത്തിൽ സംസാരിക്കാൻ അവകാശമില്ലാത്ത ഒരാൾ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കേണ്ട എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Discussion about this post