വീഡിയോകളിലൂടെ നിരന്തരം അശ്ലീല പരാമർശങ്ങൾ നടത്തുന്ന തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് നിഹാദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പിമായി പോലീസ്. ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന ഉള്ളടക്കം സൃഷ്ടിച്ചു സമൂഹമാധ്യമങ്ങളിലൂടെ പണം സമ്പാദിക്കുന്നവർക്കെതിരെ കർശന നിയമ നടപടി ഉണ്ടാകുമെന്ന് കേരള പോലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. തൊപ്പിയുടെ ട്രോൾ വീഡിയോയും പോലീസ് പങ്കുവെച്ചിട്ടുണ്ട്.
‘രാജ്യത്തിൻറെ സംസ്‌കാരം, സാന്മാർഗിക മൂല്യങ്ങൾ എന്നിവയ്ക്ക് നിരക്കാത്ത, ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന ഉള്ളടക്കം സൃഷ്ടിച്ചു സമൂഹമാധ്യമങ്ങളിലൂടെ പണം സമ്പാദിക്കുന്നവർക്കെതിരെ കർശന നിയമ നടപടി ഉണ്ടാകും. ഇത്തരത്തിൽ നേടുന്ന തുക നിയമവിരുദ്ധ മാർഗ്ഗത്തിലൂടെ പണം സമ്പാദിക്കുന്നതിന് തുല്യമായ കുറ്റകൃത്യമാണെന്ന് പോലീസ് പറഞ്ഞു.
വളാഞ്ചേരി പോലീസ് സ്റ്റേഷന് പുറമെ കണ്ണപുരം പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും കേരള പോലീസ് കൂട്ടിച്ചേർത്തു.
അടുത്തിടെ വളാഞ്ചേരിയെ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ തൊപ്പി അശ്ലീല പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് തൊപ്പിയ്ക്കെതിരെ കേസ് എടുത്തത്. നിരന്തരം അശ്ലീലവും സ്ത്രീവിരുദ്ധതയും നിറഞ്ഞ പരാമർശങ്ങളെ തുടർന്ന് തൊപ്പിയ്ക്കെതിരെ നിരവധി സ്റ്റേഷനുകളിലാണ് ഇതിനോടകം തന്നെ പരാതി ലഭിച്ചിരിക്കുന്നത്.
Discussion about this post