കോട്ടയം: കള്ള സർട്ടിഫിക്കറ്റ് കേസ് പ്രതിയും മുൻ എസ്എഫ്‌ഐ നേതാവുമായ നിഖിൽ തോമസ് പിടിയിൽ. ഇന്നലെ രാത്രിയോടെ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കായംകുളം പോലീസ് സ്‌റ്റേഷനിലെത്തിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു നിഖിൽ.
കീഴടങ്ങാൻ നിഖിലിന് മേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. നിഖിലിന്റെ അച്ഛനേയും സഹോദരങ്ങളേയും സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. നിഖിലിന്റെ സുഹൃത്തായ മുൻ എസ്എഫ്‌ഐ നേതാവിനെ വർക്കലയിൽ നിന്ന് ഇന്നലെ പകൽ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയതോടെയാണ് നിഖിലിന്റെ ഒളിസ്ഥലം സംബന്ധിച്ചുള്ള വിവരം ലഭിക്കുന്നത്.
കള്ളസർട്ടിഫിക്കറ്റ് കേസ് സംഭവം വിവാദമായതിന് പിന്നാലെ നിഖിലിനെ പുറത്താക്കുന്നതായി സിപിഎം പ്രഖ്യാപിച്ചിരുന്നു. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവ്വകലാശാല വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു നീക്കം. എസ്എഫ്‌ഐയും നിഖിലിനെ പുറത്താക്കിയിരുന്നു. നിഖിൽ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ നടപടി.
Discussion about this post