മലപ്പുറം : യൂട്യൂബറായ കണ്ണൂർ മാങ്ങാട് സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിന്റെ യൂട്യൂബ് ബ്ലോക്ക് ചെയ്യാനൊരുങ്ങി പോലീസ്. ഇതിനായി പോലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്. അശ്ലീല പരാമർശങ്ങൾ നടത്തുന്ന വീഡിയോകൾക്കെതിരെ പരാതികൾ ഉയർന്നതോടെയാണ് ബ്ലോക്ക് ചെയ്യാൻ തീരുമാനിച്ചത്. അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നാണ് വിവരം.
യുവാവിന്റെ മുറിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഇലട്രോണിക് ഉപകരണങ്ങളിൽ നിന്നും മറ്റ് തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. തുടർന്ന് ഇത് കോടതിയിൽ സമർപ്പിച്ചു. ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്, മൊബൈൽ ഫോണുകൾ എന്നിവയാണ് നിഹാദിന്റെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. വളാഞ്ചേരി സ്റ്റേഷനിൽ എത്തിച്ച് വിശദമായ പരിശോധനയും നടത്തി. എന്നാൽ മറ്റു വകുപ്പുകൾ ചുമത്തേണ്ട തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് വിവരം.
കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന കർശന നിബന്ധനയോടെയാണ് യൂ ട്യൂബറെ ഇന്നലെ വൈകീട്ട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. രണ്ടു ദിവസം കഴിഞ്ഞു വളാഞ്ചേരി സ്റ്റേഷനിൽ ഹാജരാകണം.
പൊതുസ്ഥലത്ത് വെച്ച് അശീല പരാമർശങ്ങൾ നടത്തി, ഗതാഗതം തടസപ്പെടുത്തി എന്ന കേസിൽ തൊപ്പിയെ ഇന്നലെ പുലർച്ചെ ആണ് വളാഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. അശ്ലീല പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്ന പരാതിയിൽ കണ്ണൂർ കണ്ണപുരം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തു.
Discussion about this post