മോസ്‌കോ: റഷ്യയെ മണിക്കൂറുകളോളം ഭീതിയാലാഴ്ത്തി ആഭ്യന്തര യുദ്ധത്തിന്റെ പ്രതീതി സൃഷ്ടിച്ച വിമതസംഘം പിൻമാറുന്നതായി അറിയിച്ചു. റഷ്യൻ നഗരമായ റൊസ്‌തോവിന്റെ നിയന്ത്രണം പിടിച്ചെടുത്ത ശേഷം തലസ്ഥാനത്തേക്ക് മുന്നേറുന്നതിനിടെയാണ് പിൻമാറ്റം. വാഗ്നർ ഗ്രൂപ്പ് തലവൻ ടെലഗ്രാം ചാനലിലൂടെയാണ് റഷ്യ പിടിച്ചെടുക്കാനുളള നീക്കത്തിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിച്ചത്.
ബലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെൻകോ നടത്തിയ ചർച്ചകളാണ് നിർണായകമായത്. വാഗ്നർ ഗ്രൂപ്പ് തലവൻ യേവ്ഗനി പ്രിഗോഷിനുമായിട്ടാണ് ചർച്ചകൾ നടത്തിയത്. റഷ്യൻ സേനയ്‌ക്കെതിരായ നീക്കമാണ് നടത്തിയതെന്നും അല്ലാതെ റഷ്യൻ സർക്കാരിനെ അട്ടിമറിക്കാൻ ഉദ്ദേശിച്ചില്ലെന്നും പ്രിഗോഷിൻ പറയുന്നു.
യുക്രെയ്ൻ അതിർത്തി ഭേദിച്ചാണ് വാഗ്നർ സേന റഷ്യൻ തലസ്ഥാനമായ മോസ്‌കോ ലക്ഷ്യമാക്കി നീങ്ങിയത്. റൊസ്‌തോവ് പിടിച്ചടക്കിയ സംഘം വൊറോണേഷിലെ സൈനിക കേന്ദ്രത്തിന്റെ നിയന്ത്രണവും പിടിച്ചെടുത്തിരുന്നു.
മോസ്‌കോയിലേക്ക് വിമതർ നീങ്ങുന്നത് റഷ്യൻ ജനതയ്ക്കിടയിലും പരിഭ്രാന്തിക്ക് ഇടയാക്കി. ജനങ്ങളോട് വീടുകളിൽ തന്നെ കഴിയാനും പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്നും മോസ്‌കോ മേയർ അറിയിച്ചു. ജൂലൈ ഒന്ന് വരെയുളള പൊതുപരിപാടികൾ റദ്ദാക്കുകയും ചെയ്തിരുന്നു. സുരക്ഷയും ശക്തമാക്കി.
വിമതരുടെ നീക്കം രാജ്യദ്രോഹമാണെന്നും ഇതിനിടെ പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബലാറസ് പ്രസിഡന്റിന്റെ നിർണായക ഇടപെടൽ ഉണ്ടായത്.
Discussion about this post