മൊണ്ടാന : പാലം തകർന്ന് ചരക്ക് തീവണ്ടി അപകടത്തിൽ പെട്ടു. ഇതിന് പിന്നാലെ ട്രെയിനിലുണ്ടായിരുന്ന അപകടകാരികളായ രാസവസ്തുക്കൾ നദിയിൽ കലർന്നതായാണ് വിവരം. മൊണ്ടാനയിലെ യെല്ലോ സ്‌റ്റോൺ നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന പാലമാണ് തകർന്നുവീണത്. ട്രെയിനിൽ ആസ്ഫാൽറ്റും ഉരുകിയ സൾഫറും ഉണ്ടായിരുന്നുവെന്ന് സ്റ്റിൽ വാട്ടർ കൗണ്ടി ഡിസാസ്റ്റർ ആൻഡ് എമർജൻസി സർവീസസ് അറിയിച്ചു.
രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. പുഴയിലേക്ക് വീണ ബോഗിയിൽ നിന്ന് മഞ്ഞ നിറത്തിലുളള പദാർത്ഥം ചോരുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇതോടെ നദിയിൽ നിന്ന് കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കണക്ഷൻ നിർത്തലാക്കി.
മൂന്ന് അസ്ഫാൽറ്റ് കണ്ടെയ്‌നറുകളും നാല് സൾഫർ കണ്ടെയ്‌നറുകളും നദിയിൽ വീണിട്ടുണ്ടായിരുന്നു. ഇത് നദിയിലെ വെള്ളത്തിൽ അലിഞ്ഞുചേർന്നതായാണ് റിപ്പോർട്ടുകൾ. സൈറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അപകടം സംഭവിച്ചിട്ടില്ലെന്ന് കൗണ്ടിയിലെ എമർജൻസി സർവീസ് ചീഫ് ഡേവിഡ് സ്റ്റാമി പറഞ്ഞു. ട്രെയിനിലെ ജീവനക്കാരും സുരക്ഷിതരാണ്.
യെല്ലോസ്റ്റോൺ റിവർ വാലിയിലെ ജനസാന്ദ്രത കുറഞ്ഞ ഭാഗത്താണ് സംഭവം നടന്നത്. കൃഷിയിടങ്ങൾ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന പ്രദേശമാണിത്. നിലവിൽ പ്രശ്‌നങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും അപകടത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു. അടുത്തിടെ പെയ്ത കനത്ത മഴയിൽ നദി കരകവിഞ്ഞൊഴുകിയിരുന്നു. അതാണോ കാരണമെന്ന് വ്യക്തമല്ല.
Discussion about this post