കോട്ടയം: കോട്ടയം കുമരകത്ത് ബിജെപി മണ്ഡലം വൈസ് പ്രസിഡന്റും, സംരംഭകനുമായ രാജ്‌മോഹന് നേരെ നടന്ന കമ്മ്യൂണിസ്റ്റുകാരുടെ ആക്രമണത്തെ ബിജെപി നിയമപരമായും, രാഷ്ട്രീയപരമായും നേരിടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കമ്മ്യൂണിസ്റ്റുകാർ ഒഴികെ ഉള്ള ആർക്കും തന്നെ കേരളത്തിൽ ജീവിക്കുവാനോ, ഒരു വ്യവസായം ആരംഭിക്കുവാനോ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. സ്വന്തക്കാർക്കും പാർട്ടിക്കാർക്കും വ്യാജ സർട്ടിഫിക്കറ്റും, പിൻവാതിൽ നിയമനവും നൽകി സംരക്ഷിക്കുന്ന ഇടതുപക്ഷം, സ്വയം തൊഴിൽ ചെയ്‌തെങ്കിലും ജീവിക്കാം എന്ന് കരുതി ഇറങ്ങുന്ന സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ഉത്തര കൊറിയയിലും, ചൈനയിലും കമ്മ്യൂണിസ്റ്റു പാർട്ടി എന്ത് ഫാസിസ്റ്റു നയമാണോ സ്വീകരിച്ചത് അതിന്റെ തനിയാവർത്തനമാണ് ഇപ്പോൾ കമ്മ്യൂണിസ്റ്റുകാർ കേരളത്തിലും നടപ്പിലാക്കുന്നത്. ബിജെപിക്കാരൻ ആയതുകൊണ്ട് മാത്രമാണ് കോൺഗ്രസ് ഈ വിഷയത്തിൽ മൗനം പാലിക്കുന്നത്.
ഈ നാട്ടിൽ ബിജെപിയുടെ രാഷ്ട്രീയം പറയുന്നവരെയൊക്കെ വേട്ടയാടി ഇല്ലാതാക്കിക്കളയാം എന്നാണ് പിണറായിയുടെയും പിണിയാളുകളുടെയും വ്യാമോഹമെങ്കിൽ അതിവിടെ വേവില്ല എന്ന് ഒന്നുകൂടി ഓർമപ്പെടുത്തുന്നു. അധികാരത്തിന്റെ ഹുങ്കിൽ ഏകാധിപതിയെ പോലെ പെരുമാറാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെങ്കിൽ അതിനെ ശക്തമായി തന്നെ നേരിടാനാണ് ബിജെപിയുടെ തീരുമാനം. രാജ്മോഹൻ ഉൾപ്പെടെയുള്ള, കമ്മ്യൂണിസ്റ്റ് ഭീഷണി നേരിടുന്ന എല്ലാ സംരംഭകർക്കും ഉറച്ച പിന്തുണയുമായി ബിജെപി ഒപ്പമുണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Discussion about this post