ന്യൂഡൽഹി : അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് റൂട്ടുകളിലേക്കുള്ള ട്രെയിനുകളാണ് മോദി ഫ്‌ലാഗ് ഓഫ് ചെയ്യുക. രണ്ട് ട്രെയിനുകൾ മദ്ധ്യപ്രദേശിലും ഒന്ന് കർണാടകയിലും ഒന്ന് ബീഹാറിലും ഉദ്ഘാടനം ചെയ്യും. ഗോവയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും. ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.
റാണി കമലാപതി (ഭോപ്പാൽ)-ജബൽപൂർ, ഖജുരാഹോ-ഭോപ്പാൽ-ഇൻഡോർ, മഡ്ഗാവ് (ഗോവ)-മുംബൈ, ധാർവാഡ്-ബംഗളൂരു, ഹാട്ടിയ-പട്നഎന്നീ റൂട്ടുകളിലാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ സെമി-ഹൈ സ്പീഡ് ട്രെയിനുകളുടെ എണ്ണം 23 ആകും.
റാണി കമലാപതി (ഭോപ്പാൽ)-ജബൽപൂർ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ മദ്ധ്യപ്രദേശിലെ മഹാകൗശൽ മേഖലയെ (ജബൽപൂർ) മദ്ധ്യമേഖലയുമായി (ഭോപ്പാൽ) ബന്ധിപ്പിക്കും. മദ്ധ്യപ്രദേശിന്റെ രണ്ടാമത്തെ സെമി-ഹൈ സ്പീഡ് രണ്ട് നഗരങ്ങൾക്കിടയിൽ 130 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കും. ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിനിനെ അപേക്ഷിച്ച് ഇത് ഏകദേശം മുപ്പത് മിനിറ്റ് വേഗതയുള്ളതായിരിക്കുമെന്നാണ് റിപ്പോർട്ട്.
ഖജുരാഹോ-ഭോപ്പാൽ-ഇൻഡോർ വന്ദേ ഭാരത് എക്‌സ്പ്രസ് മദ്ധ്യപ്രദേശിലെ മൂന്നാമത്തെ സെമി ഹൈസ്പീഡ് ട്രെയിനാണ്. മാൾവ മേഖല (ഇൻഡോർ), ബുന്ദേൽഖണ്ഡ് മേഖല (ഖജുരാഹോ), സെൻട്രൽ റീജിയൺ (ഭോപ്പാൽ) എന്നിവിടങ്ങളിലാണ് ഇത് സർവീസ് നടത്തുക. മഹാകാലേശ്വർ, മണ്ടു, മഹേശ്വര്, ഖജുരാഹോ, പന്ന തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്കും ഈ ട്രെയിൻ ഉപകാരപ്രദമാണ്.
ഗോവയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനാണ് മുംബൈ- മഡ്ഗാവ് (ഗോവ) വന്ദേ ഭാരത് എക്‌സ്പ്രസ്. ഇത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിനും ഗോവയിലെ മഡ്ഗാവ് സ്റ്റേഷനും ഇടയിൽ സർവീസ് നടത്തും. വെള്ളിയാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ സർവീസ് നടത്തും.
ധാർവാഡ്, ഹുബ്ബള്ളി, ദാവൻഗെരെ തുടങ്ങിയ പ്രധാന നഗരങ്ങളെ ബംഗളൂരുവുമായി ബന്ധിപ്പിക്കുന്ന മറ്റൊരു സെമി-ഹൈ സ്പീഡ് ട്രെയിൻ കൂടി കർണാടകയ്ക്ക് ലഭിക്കുകയാണ്. ധാർവാഡ്-ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് നാളെ പ്രവർത്തനമാരംഭിക്കും. കർണാടകയിലെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. ആദ്യത്തേത് ചെന്നൈ, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലാണ് സർവീസ് നടത്തുന്നത്.
ജാർഖണ്ഡിനും ബീഹാറിനും വേണ്ടിയുള്ള ആദ്യത്തെ വന്ദേ ഭാരത് ആണ് ഹാതിയ-പട്ന വന്ദേ ഭാരത് എക്സ്പ്രസ് . അന്തിമ റൂട്ട് ചാർട്ട് പുറത്തിറക്കിയിട്ടില്ലെങ്കിലും തതിസിൽവായ്, മെർസ, ശങ്കി, ബർകകാന, ഹസാരിബാഗ്, കോഡെർമ, ഗയ എന്നിവിടങ്ങളിലൂടെ ട്രെയിൻ പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്ന് റാഞ്ചിയിലെ സൗത്ത് ഈസ്റ്റേൺ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
Discussion about this post