നമ്മുടെ ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചിതമല്ലെങ്കിലും പണ്ട് കാലത്തെ വീടുകളിൽ സ്ഥിരം സാന്നിദ്ധ്യമായ ഒന്നാണ് കൈതോലപ്പായകൾ. പണ്ട് കാലത്ത് വീടുകളിൽ കൈതോല പായകളാണ് ഉപയോഗിച്ചിരുന്നത്. പിന്നീടാണ് ആ സ്ഥാനം പുൽപ്പായക്ക് കിട്ടുന്നത്. പുൽപായയെക്കാൾ നല്ല ബലവും കട്ടിയും ഉണ്ടെന്നതാണ് കൈതോലപ്പായകളുടെ പ്രത്യേകത. ഇരിക്കാനും കിടക്കാനും മാത്രമല്ല. അത്യാവശ്യം കനമുള്ള സാധനങ്ങൾ കൈതോലപ്പായക്കുള്ളിൽ പൊതിഞ്ഞ് കൊണ്ടുപോയാൽ പോലും പുറത്തൊരാൾക്ക് അറിയാൻ കഴിയില്ല.
സിനിമയിലെ പ്രശസ്തമായ ഒരു രംഗത്തിലൂടെ കൈതോലപ്പായ നമ്മുടെയെല്ലാം മനസിലും കയറിക്കൂടിയിട്ടുണ്ട്. പ്രായഭേദമന്യേ മലയാളി സിനിമാപ്രേമികൾക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലും ഉർവശിയും നായികാ നായകന്മാരായി എത്തിയ മിഥുനം. ശ്രീനിവാസൻ രചിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ കൈയ്യടികളോടെയാണ് അക്കാലത്ത് തിയേറ്ററുകളിൽ ഏറ്റെടുത്തത്. അതിൽ വളരെ രസകരമായ ഒരു രംഗമായിരുന്നു ഉർവശിയെ പായിൽ കിടത്തി കടത്തിക്കൊണ്ടു പോകുന്നത്. മലയാളികൾ ഏറ്റെടുത്ത ഈ രംഗം ചിത്രീകരിച്ചപ്പോൾ അനുഭവിച്ച ടെൻഷനെക്കുറിച്ചും അപ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങളെക്കുറിച്ചും ഉർവശി മനസു തുറക്കുകയാണ്.
ലാലേട്ടന്റെയും ശ്രീനിയേട്ടന്റെയും ഉയരവും ഭാരവും ഏറെ വ്യത്യസ്തമാണല്ലോ. സേഫ്റ്റിക്കു വേണ്ടി ലാലേട്ടൻ തന്നെ തലയുടെ ഭാഗം പിടിക്കാമെന്നും സമ്മതിച്ചു. ശ്രീനിയേട്ടൻ കാലിന്റെ ഭാഗത്തും പിടിച്ചു. ഏതു കടയിൽ നിന്നാണ് റേഷൻ എന്നൊക്കെ ശ്രീനിയേട്ടൻ ഇടയ്ക്ക് എന്നോട് ചോദിക്കുന്നുണ്ടായിരുന്നു. വയലിലൂടെയുള്ള സീൻ ഷൂട്ട ചെയ്യുമ്പോൾ വീഴുമെന്നൊക്കെ പേടിച്ചു. ‘എന്നെ താഴെയിടല്ലേ ലാലേട്ടാ’ എന്ന് ഞാൻ അപേക്ഷിക്കുന്നുണ്ടായിരുന്നു. പറയുന്നത് അനുസരിച്ചില്ലെങ്കിൽ താഴെയിടുമെന്നായി ശ്രീനിയേട്ടൻ. ആ സീനിൽ സുലോചനയോട് ‘മിണ്ടാതിരി കൊച്ചേ’ എന്നൊക്കെ പറയുന്നത് ശരിക്കും എന്നോട് പറഞ്ഞതാണ്. സീനിൽ കാണുന്ന പല ഡയലോഗും ശരിക്കും പേടിച്ചിട്ടാണ് പറഞ്ഞതെന്നും” ഉര്‍വശി പറയുന്നു.
Discussion about this post