പാലക്കാട്: കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലാകെ ചൂടുപിടിച്ച ചർച്ചകൾക്ക് കാരണമായ ഒരു വീഡിയോ ആണ് പാലക്കാട്ടെ ഒരു വിവാഹചടങ്ങിലേത്. വരനും വധുവും വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറാനിരിക്കുമ്പോൾ രണ്ട് പേരുടേയും തല കൂട്ടിയിടിപ്പിക്കുന്നതായിരുന്നു വീഡിയോ. കല്യാണം കഴിഞ്ഞ പെൺകുട്ടി കരഞ്ഞ് കൊണ്ട് ഭർത്താവിൻറെ വീട്ടിൽ കയറണം എന്ന ആചാരത്തിൻറെ ഭാഗമായി തല കൂട്ടിയിടിപ്പിച്ച് വേദനിപ്പിച്ച് കരയിച്ച് പെണ്ണിനെ വീട്ടിൽ കയറ്റുന്ന പ്രാദേശിക ആചാരമാണെന്നാണ് പറയുന്നത്. ഈ വീഡിയോ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
പല്ലശന സ്വദേശിയായ സച്ചിന്റേയും കോഴിക്കോട് മുക്കം സ്വദേശി സജ്‌ലയുടേയും വിവാഹ ശേഷമുള്ള ഗൃഹപ്രവേശന ചടങ്ങിലാണ് നാട്ടാചാരം വധുവിന്റെ കണ്ണ് കലക്കിയത്. കൊഴപ്പോല്ല കൊഴപ്പോല്ലെന്ന് ചടങ്ങിന് നേതൃത്വം കൊടുക്കുന്നവർ പശ്ചാത്തലത്തിൽ പറയുന്നുണ്ടെങ്കിലും ഇടിയുടെ ആഘാതം ഇനിയും മാറിയിട്ടില്ലെനും തലയുടെ വേദനയും നീരും മാറിയിട്ടില്ലെന്നുമാണ് നവവധു സജ്‌ല പറയുന്നത്.
അപ്രതീക്ഷിതമായ ഇടിയിൽ സജ്ല ഞെട്ടുന്നതും സങ്കടവും ദേഷ്യവും കാരണം കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് കയറിപ്പോകുന്നതും കാണാം. ‘അതാണ് തലമുട്ടല്, കൊഴപ്പോല്ല കൊഴപ്പോല്ല’ എന്നാണ് സമീപത്തുള്ളവർ ഈ സമയത്ത് പറയുന്നത്. എന്നാൽ ഇടിയുടെ ആഘാതത്തിൽ തന്റെ തലക്കേറ്റ വേദനയും നീരും ഇനിയും മാറിയിട്ടില്ലെന്നും സജ്ല പറയുന്നു.’ഏട്ടന്റെ (ഭർത്താവിന്റെ) അനിയത്തി പറയുന്നുണ്ട് ചേച്ചിക്ക് ഇതൊന്നും ഇഷ്ടമല്ല എന്ന്. ശരീരം തൊട്ട് വേദനിപ്പിച്ചാൽ ആരായാലും റിയാക്ട് ചെയ്യും. നേരത്തെ പറഞ്ഞത് കൊണ്ട് ഇനി ഉറപ്പായിട്ടും ഇടിയില്ല എന്ന് കരുതിയിരിക്കുകയായിരുന്നു. വീട്ടുകാരെ മിസ് ചെയ്ത് കിളി പോയി ആകെ ടെൻഷനിൽ ആണ് നിൽക്കുന്നത്. ആ സമയത്ത് എനിക്ക് സത്യം പറഞ്ഞാൽ ഇടിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കുന്നില്ലെന്ന് വധുപറയുന്നു.
ഏട്ടന്റെ തല ഒരു വശത്ത് നിന്ന് തട്ടുമ്പോൾ തന്നെ മറുവശം ഭിത്തിയിലും തട്ടുന്നുണ്ട്. അത്രയും ഫീൽ ആയത് കൊണ്ടാണ് കരഞ്ഞത് ഞാൻ ആരുടെ മുന്നിലും കരയാത്തൊരാളാണ്. ഇടി കിട്ടിയപ്പോൾ എവിടെയാണെന്ന് പോലും എനിക്ക് മനസിലാകുന്നില്ല. അല്ലെങ്കിൽ ഞാൻ തന്നെ അങ്ങേരുടെ അടുത്ത് ചീത്ത പറഞ്ഞിട്ടുണ്ടാകും. നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്.എന്റെ അനുഭവം ഇനി വേറൊരു പെൺകുട്ടിക്കും ആ നാട്ടിൽ ഉണ്ടാകരുത്. കാരണ് അത്രത്തോളം വേദനയുണ്ട് അതിന്,’ സജ്ല പറയുന്നു. അതേസമയം വീടിന് അടുത്തുള്ളയാളാണ് ഈ പ്രവൃത്തി കാണിച്ചത് എന്ന് സച്ചിൻ പറയുന്നു. പല്ലശ്ശന ഭാഗത്ത് ഇങ്ങനെ ഒരു ആചാരം ഉണ്ട് എന്നാണ് പറയുന്നതെന്നും പക്ഷെ താനത് ഇതുവരെ കണ്ടിട്ടില്ലെന്നും സച്ചിൻ കൂട്ടിച്ചേർത്തു.അതേസമയം പാലക്കാട്ട് ഇങ്ങനൊരു ആചാരമില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ മറുവിഭാഗം പറയുന്നത് ഇത് പാലക്കാട്ടെ ആചാരമാണെന്നാണ്.
Discussion about this post