തിരുവനന്തപുരം : എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന് കള്ള സർട്ടിഫികറ്റ് ഉണ്ടാക്കി നൽകി വ്യാജബിരുദം തരപ്പെടുത്താൻ സഹായിച്ച അബിൻ സി രാജിനെ മാലിദ്വീപ് സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മാലിദ്വീപിൽ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. മാലി ഭരണകൂടം അബിന്റെ സിമ്മും വർക്ക് പെർമിറ്റും റദ്ദാക്കി.
ഒന്നാം പ്രതിയായ നിഖിൽ തോമസിന് കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയത് അബിനായിരുന്നു. എസ്എഫ്ഐ മുൻ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിൻ. അബിനാണ് തനിക്ക് കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയതെന്ന് നിഖിലും പോലീസിന് മൊഴി നൽകിയിരുന്നു.
കൊച്ചിയിലെ വിദേശ മാൻപവർ റിക്രൂട്ട്മെന്റ് ഏജൻസിയാണ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയത്. നിഖിലിനെ ഈ ഏജൻസിയുമായി പരിചയപ്പെടുത്തിയത് അബിൻ സി രാജാണ്. മാത്രമല്ല ഈ ഏജൻസിക്ക് നൽകിയ പണം അബിൻ സി രാജിന്റെ അക്കൗണ്ടിൽ നിന്നാണ് ഏജൻസിയിലേക്ക് അയച്ചിരിക്കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം താൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് അബിൻ പറയുന്നത്. ഒരു പ്രതിയുടെ മൊഴി കേട്ട് തനിക്കെതിരെ വാർത്തകൾ സൃഷ്ടിച്ചു. തന്റെ നഷ്ടങ്ങൾ നികത്താൻ ആർക്കും കഴിയില്ലെന്നും പറയാനുള്ളത് പോലീസിനും കോടതിക്കും മുൻപിൽ പറയുമെന്നും അബിൻ വ്യക്തമാക്കിയിരുന്നു.
മാലി സിറ്റിയിലെ കലഫാനു സ്‌കൂളിലെ അധ്യാപകനായിരുന്നു അബിൻ. മാലി സിറ്റിക്കടുത്ത് ഹുല്‍ഹുമലെ ദ്വീപിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. കേസന്വേഷണത്തിനായി കേരളാ പോലീസ് ഇയാളെ കേരളത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അബിൻ സി രാജ് ഇത്തരത്തിൽ പലർക്കും കള്ള സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകാൻ സഹായിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Discussion about this post