കോട്ടയം : തിരുവാർപ്പിലെ ബസ് ഉടമയും- സിഐടിയുവും തമ്മിലുള്ള പ്രശ്‌നത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ശക്തമായ ഇടപെടലിലൂടെ പരിഹാരം. കോടതി വിധി സമ്പാദിച്ച് ബസ് സർവ്വീസ് പുനരാരംഭിക്കാൻ ശ്രമിച്ച ഉടമ രാജ്‌മോഹനെ ഞായറാഴ്ച്ചയാണ് സിഐടിയു പ്രവർത്തകർ ആക്രമിച്ചത്.
കേരളത്തിൽ ഒരു സംരഭകനെ വേട്ടയാടുന്ന സിപിഎമ്മിനെ തുറന്നു കാണിച്ചും, പിണറായി സർക്കാർ കൊട്ടിഘോഷിക്കുന്ന വ്യവസായ സൗഹൃദ കേരളമെന്ന പൊള്ളത്തരത്തെ പൊളിച്ചടുക്കിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയായി. ഓൺലൈൻ മാധ്യമങ്ങളിലും വാർത്തയായി.
തിരുവനന്തപുരത്ത് എത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും ഈ വിഷയത്തെക്കുറിച്ച് തന്റെ പ്രസംഗത്തിൽ പ്രതിപാദിച്ചിരുന്നു. ഇന്നലെ കെ സുരേന്ദ്രൻ ബസ് ഉടമയായ രാജ്‌മോഹനെ സന്ദർശിക്കുകയും എല്ലാവിധ പിന്തുണ അറിയിക്കുകയും ചെയ്തു. ഇത് സിപിഐഎമ്മിനെയും സിഐടിയുവിനെയും സമ്മർദ്ദത്തിലാക്കി.
അക്രമത്തിന് നേതൃത്വം നൽകിയ സിപിഎം ജില്ലാ നേതാവിനെ ഒഴിവാക്കി ചർച്ചയ്ക്ക് എത്താൻ സിഐടിയു നിർബന്ധിതരായി. രാജ്‌മോഹൻ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ സർവ്വീസ് ഇന്ന് മുതൽ പുനരാരംഭിക്കുകയും ചെയ്തു.
Discussion about this post