ന്യൂഡൽഹി : ഖാലിസ്ഥാൻ തീവ്രവാദികളുടെ പേരിൽ ഇന്ത്യയ്‌ക്കെതിരെ ഗൂഡാലോചന നടത്തുന്നത് പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഖാലിസ്ഥാനി ഭീകരരുമായി ഐഎസ്ഐ ചാരൻ നാസിർ ഖാൻ സമ്പർക്കം പുലർത്തുന്നുവെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ലഭിക്കുന്ന വിവരം. നാസിർ ഖാൻ വഴി, ഖാലിസ്ഥാൻ ഭീകരർക്കും ലോകമെമ്പാടുമുള്ള ഗുണ്ടാസംഘങ്ങൾക്കും ഇന്ത്യയ്ക്കെതിരായ ഗൂഢാലോചന നടത്താൻ ആയുധങ്ങളും മയക്കുമരുന്നും വിതരണം ചെയ്യുന്നുണ്ടെന്നും ധനസഹായം ലഭിക്കുന്നുണ്ടെന്നുമാണ് ദേശീയ മാദ്ധ്യമങ്ങൾറിപ്പോർട്ട് ചെയ്യുന്നത്.
ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) പോലീസ് സേനയും നടത്തിയ അന്വേഷണത്തിൽ അതിർത്തിക്കപ്പുറത്ത് ഭീകരർക്ക് മയക്കുമരുന്നും ആയുധങ്ങളും വിതരണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ ഗൂഢാലോചന നടത്താൻ ലഹോറിൽ ഐഎസ്ഐ ഒരു കൺട്രോൾ റൂമും സ്ഥാപിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതിർത്തിയിൽ നിന്ന് പിടിച്ചെടുത്ത ഡ്രോണുകളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ഇവ പാകിസ്താനിൽ നിന്നാണ് എത്തിയത് എന്ന് കണ്ടെത്തി. ഇത്തരം പ്രവർത്തനങ്ങൾ ഐഎസ്ഐ ഏകോപിപ്പിക്കുന്നതായി സുരക്ഷാ ഏജൻസികൾ സംശയിക്കുന്നു.
മയക്കുമരുന്ന് വിതരണത്തിലൂടെ ഐഎസ്‌ഐ ജയ്‌ഷെ ഭീകരർക്ക് ധനസഹായം കൂടാതെ ആയുധങ്ങളും എത്തിച്ച് നൽകുന്നു. ഈ വർഷം ജനുവരി മുതൽ പാകിസ്താനിൽ നിന്നെത്തിയ നിരവധി ഡ്രോണുകൾ ബിഎസ്എഫ് വെടിവെച്ചിട്ടിരുന്നു. ഇത് ഭീകരരിൽ ആശങ്ക പടർത്തിയെന്നാണ് വിവരം. ഡ്രോണുകളിൽ നിന്ന് കണ്ടെടുത്ത ചിപ്പുകളിൽ നിന്ന് ഇവയുടെ റൂട്ടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ സുരക്ഷാ സേനയ്ക്ക് ലഭിച്ചു.
ജമ്മു കശ്മീരിൽ ഭീകരർ ആയുധങ്ങളുടെ ക്ഷാമം നേരിടുകയാണ്. നിയന്ത്രണ രേഖയിലെ സുരക്ഷാ ഏജൻസികളുടെ ശക്തമായ നിരീക്ഷണം കാരണം, ഇന്ത്യയിലേക്ക് തീവ്രവാദികളെ നുഴഞ്ഞുകയറുന്നത് കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് അതിർത്തിയിലൂടെ ഡ്രോണുകൾ വഴി ആയുധങ്ങൾ കടത്താൻ ശ്രമം നടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post