തൃശൂർ : മാസ് റിപ്പോർട്ട് അടിച്ച് സോഷ്യൽ മീഡിയ അക്കൌണ്ടുകൾ പൂട്ടിച്ചുവെന്ന് പരാതിയുമായി തൃശൂരിലെ ഗിരിജ തിയേറ്റർ ഉടമ ഡോ. ഗിരിജ രംഗത്ത്. 12 ഓളം തവണ മാസ് റിപ്പോർട്ട് അടിച്ച് തിയേറ്ററിൻറെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പൂട്ടിച്ചുവെന്നാണ് പരാതി. തിയേറ്റർ നടത്താൻ തന്നെ അനുവദിക്കുന്നില്ലെന്നും ഡോ. ഗിരിജ ആരോപിച്ചു.
ഓൺലൈൻ ബുക്കിംഗ് സൈറ്റുകളും ആപ്ലിക്കേഷനുകളും അമിതമായി ചാർജ് ഈടാക്കുന്നതിനെതിരെ സ്വന്തമായി സൈറ്റ് ഉണ്ടാക്കി പ്രതിഷേധിച്ച തിയേറ്റർ ഉടമയാണ് ഡോ. ഗിരിജ. തൻറെ ദുരസ്ഥ വെളിപ്പെടുത്തിക്കൊണ്ടാണ് അവർ രംഗത്തെത്തിയിരിക്കുന്നത്.
തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ല. കഴിഞ്ഞ അഞ്ച് വർഷമായി തിയേറ്ററിന് നേരെ ആക്രമണം നടക്കുകയാണ്. സോഷ്യൽമീഡിയ അക്കൌണ്ടുകൾക്കെതികെ മാസ് റിപ്പോർട്ടിംഗ് വന്നതോടെ താനാണ് ലക്ഷ്യമെന്ന് തോന്നി. തുടർന്ന് ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റുള്ളവരെ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ സമാനമായ വെല്ലുവിളി നേരിട്ടതോടെ വീണ്ടും സ്വന്തമായി കൈകാര്യം ചെയ്യാൻ തുടങ്ങി. ഇപ്പോൾ തനിക്ക് ഫേസ്ബുക്കോ ഇൻസ്റ്റഗ്രാമോ ഇല്ല. ഏത് സിനിമയാണ് തിയേറ്ററിൽ ഓടുന്നതെന്ന് ജനങ്ങളെ അറിയിക്കാൻ സാധിക്കുന്നില്ലെന്നും ഗിരിജ പറഞ്ഞു.
തിയേറ്ററിൽ ആളില്ലെന്ന് പറഞ്ഞ് സിനിമകൾ ലഭിക്കുന്നില്ല. ഹിറ്റായ ചിത്രങ്ങൾ എല്ലാ തിയേറ്ററുകൾക്കും നൽകിയാലും ഗിരിജ തിയേറ്ററിന് മാത്രം ലഭിക്കുന്നില്ല. ലിസ്റ്റിൻ സ്റ്റീഫനേപ്പോലെ വളരെ കുറച്ച് നിർമ്മാതാക്കളാണ് ചിത്രം തരാൻ തയ്യാറാവുന്നതെന്നും ഡോ. ഗിരിജ പറഞ്ഞു.
Discussion about this post