കൊച്ചി: എറണാകുളം ജില്ലാ ഫുട്‌ബോൾ അസോസിയഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ. എതിരില്ലാതെയാണ് പി.വി.ശ്രീനിജൻ തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അദ്ധ്യക്ഷനായിരുന്ന പി.വി.ശ്രീനിജനെ കഴിഞ്ഞ മാസമാണ് പദവിയിൽ നിന്ന് മാറ്റാൻ സിപിഎം നിർദ്ദേശിച്ചത്. എംഎൽഎ രണ്ട് സ്ഥാനങ്ങൾ വഹിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്രീനിജനെ മാറ്റുന്നത്.
ഈ തീരുമാനം നിലനിൽക്കെയാണ് ഫുട്‌ബോൾ അസോസിയേഷൻ അദ്ധ്യക്ഷ പദവിയിൽ ശ്രീനിജൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്. 56 ക്ലബുകൾക്കാണ് എറണാകുളം ജില്ലയിൽ വോട്ടിംഗ് അവകാശമുള്ളത്. കൊച്ചിയിൽ വിദ്യാർത്ഥികൾക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം തടഞ്ഞ് ഗ്രൗണ്ട് പൂട്ടിയിട്ടതിന് പിന്നാലെ ശ്രീനിജനെതിരെ വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് ജില്ലയിലെ ഫുട്‌ബോൾ ക്ലബുകളുടെ പിന്തുണയോടെ ശ്രീനിജൻ വീണ്ടും അദ്ധ്യക്ഷനാകുന്നത്.
പരിശീലനത്തിന് വിദ്യാർത്ഥികൾ എത്തിയപ്പോൾ അകത്ത് കടക്കാൻ അനുവദിക്കാതെ ഗേറ്റ് പൂട്ടിയിട്ട നടപടി സംസ്ഥാന തലത്തിൽ വിവാദമായിരുന്നു. തനിക്ക് ഇതിൽ പങ്കില്ലെന്നാണ് ശ്രീനിജൻ ക്ലബുകളോട് വിശദീകരിച്ചത്.
Discussion about this post