ഇംഫാൽ: മണിപ്പൂരിൽ കലാപപ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗവർണർ അനുസൂയ ഉയികെയുമായി കൂടിക്കാഴ്ച നടത്തി. കലാപബാധിതരുടെ കണ്ണീരൊപ്പാനാണ് രാഹുൽ എത്തിയതെന്നാണ് ഇന്നലെ കോൺഗ്രസ് അവകാശപ്പെട്ടത്. എന്നാൽ ഗവർണർക്കൊപ്പം രാഹുൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങളാണ് ഇന്ന് പുറത്തുവന്നത്.
രാവിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷമാണ് രാഹുൽ ഗവർണറെ കാണാൻ എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഒപ്പം ഉണ്ടായിരുന്നു. മണിപ്പൂരിലെ ജനങ്ങളുടെ വേദനയാണ് താൻ പങ്കുവെയ്ക്കുന്നതെന്ന് ഉൾപ്പെടെ വികാരപരമായ വാക്കുകളിലായിരുന്നു ക്യാമ്പ് സന്ദർശിച്ച ശേഷം രാഹുലിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഗവർണർക്കൊപ്പം ചിരിച്ചുകൊണ്ടു നിൽക്കുന്ന രാഹുലിന്റെ ചിത്രങ്ങൾ പുറത്തുവന്നത്.
ക്യാമ്പുകൾ സന്ദർശിച്ച രാഹുലിന് കാര്യമായ പ്രശ്‌നങ്ങൾ ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ ഭക്ഷണം നന്നാക്കണമെന്നും മരുന്നുകൾ കൊടുക്കണമെന്നും ഒക്കെ പറഞ്ഞ് കൈയ്യൊഴിയുകയായിരുന്നു. കലാപം ആർക്കും ഒന്നും നൽകില്ലെന്നും സമാധാനം പാലിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും രാഹുൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാൻ വേണ്ടി എന്ത് ചെയ്യണമെങ്കിലും അതിന് താൻ ഒരുക്കമാണെന്നും രാഹുൽ പറഞ്ഞു.
ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്കൊപ്പം രാഹുൽ ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും കോൺഗ്രസ് ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇന്നലെ മണിപ്പൂരിലെത്തിയ രാഹുലിന്റെ ചുരാചന്ദ്പൂരിലേക്കുളള യാത്ര സുരക്ഷാകാരണങ്ങളാൽ വിലക്കിയത് കോൺഗ്രസ് വിവാദമാക്കിയിരുന്നു. രാഹുലിന്റെ സന്ദർശനം അനുചിതമായ സമയത്താണെന്നും രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യമിടുന്നതെന്നുമുളള വിമർശനങ്ങളും ശക്തമാണ്. രാഹുലിന്റെ സന്ദർശനത്തിന് പിന്നാലെ ഇന്നലെ വീണ്ടും സംഘർഷവും ഉണ്ടായിരുന്നു.
Discussion about this post