ലക്‌നൗ: കൊല്ലപ്പട്ട കൊടുംകുറ്റവാളി അതീഖ് അഹമ്മദിൽ നിന്നും തിരിച്ചു പിടിച്ച ഭൂമിയിൽ നിർമ്മിച്ച വീടുകൾ ഭവനരഹിതർക്ക് കൈമാറി യോഗി സർക്കാർ. 76 കുടുംബങ്ങൾക്കാണ് സർക്കാർ വീടുകൾ കൈമാറിയത്. വീടുകൾ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഗുണഭോക്താക്കൾ പ്രതികരിച്ചു.
പ്രയാഗ്‌രാജിലാണ് പാവങ്ങൾക്കായി യോഗി സർക്കാർ വീട് നിർമ്മിച്ച് നൽകിയത്. പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തിയായിരുന്നു ഭവന നിർമ്മാണം. പ്രയാഗ്‌രാജിൽ അനധികൃതമായി ഏക്കറു കണക്കിന് ഭൂമിയാണ് അതീഖ് അഹമ്മദ് സ്വന്തമാക്കിയിരുന്നത്. ഇതെല്ലാം അടുത്ത കാലത്തായി യോഗി സർക്കാർ തിരിച്ച് പിടിക്കുകയായിരുന്നു.
രണ്ട് മുറികൾ, അടുക്കള, ശുചിമുറി എന്നിവയാണ് ഒരു ഫ്‌ളാറ്റിൽ ഉള്ളത്. ഒരോ ഫ്‌ളാറ്റിനും മൂന്നര ലക്ഷം രൂപയാണ് നിർമ്മാണ ചിലവായി വന്നിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ വീടിനായി ആറായിരത്തിലധികം അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതിൽ അർഹമായ 1,590 എണ്ണം തിരഞ്ഞെടുക്കുകയായിരുന്നു. ബാക്കിയുള്ളവർക്കായുള്ള വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
സ്വന്തമായൊരു വീട് എന്നത് ഒരു സ്വപ്‌നമായി മാത്രം അവശേഷിക്കുമെന്നാണ് ഇതുവരെ കരുതിയിരുന്നത് എന്ന് ഗുണഭോക്താക്കളിൽ ഒരാൾ പറഞ്ഞു. ഇപ്പോൾ അതിയായ സന്തോഷം തോന്നുന്നു. സ്വന്തമായി ഒരു വീട് ആയി. ഇവിടെ നിന്നും ആരും തന്നെ തങ്ങളെ ഇറക്കിവിടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post