ന്യൂഡൽഹി: കേരളത്തിൽ തെരുവുനായകളെ കൊല്ലുനന്ത് തടയാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഓൾ ക്രീച്ചേർസ് ഗ്രേറ്റ് ആൻഡ് സ്മോൾ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൃഗസ്‌നേഹികളുടെ സംഘടനയാണിത്.
കലാപ സമാനമായാണ് കേരളത്തിൽ നായകളെ കൊല്ലുന്നത്. എബിസി ചട്ടങ്ങൾ നടപ്പാക്കാൻ തയ്യാറാകാത്ത സർക്കാർ തെരുവ് നായകളെ പ്രാകൃതമായ രീതിയിൽ കൊന്നൊടുക്കുകയാണെന്ന് സംഘടന ആരോപിക്കുന്നു. സംസ്ഥാനത്ത് ഇനി 6,000 നായകൾ മാത്രമാണ് ബാക്കിയുള്ളതെന്നും ബാക്കിയുള്ളവയെ കൊന്നുതള്ളിയെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നുണ്ട്.
തെരുവ് നായകളെ കൊല്ലുന്നവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുന്നില്ലെന്നും സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പോലും നടപ്പാക്കുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ വിവേകമില്ലാതെ തെരുവ് നായകളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്നാണ് സംഘടന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കണ്ണൂരിൽ തെരുവ് നായ 11 വയസുകാരനായ നിഹാലിനെ കടിച്ച് കൊന്ന സംഭവത്തിന് പിന്നാലെ അക്രമണകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ സാധ്യത ഇല്ലെന്ന് മനസിലാക്കി തെരുവ് നായകൾക്കെതിരെ വ്യാപക അക്രമം കേരളത്തിൽ അഴിച്ച് വിട്ടിരിക്കുകയാണെന്ന് സംഘടന ആരോപിക്കുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ അപേക്ഷയും മൃഗ സ്നേഹികളുടെ ഹർജിയും സുപ്രീംകോടതി ജൂലൈ 12 ന് പരിഗണിക്കും.
Discussion about this post