ചെന്നൈ: ചെന്നൈ സിറ്റി പോലീസിനുകീഴിൽ ഡ്രോൺ പോലീസ് യൂണിറ്റ് ആരംഭിച്ചു.തമിഴ്‌നാട് പോലീസിന്റെ ആധുനികീകരണത്തിന്റെ ഭാഗമായിട്ടാണ് ഡ്രോൺ യൂണിറ്റ് ആരംഭിച്ചത്. 3.6 കോടി രൂപ ചെലവിൽ സജ്ജമാക്കിയ യൂണിറ്റ് ഇന്ത്യയിൽ ആദ്യത്തേതാണ്.പരിശീലനം ലഭിച്ച 20-ലധികം പോലീസ് ഉദ്യോഗസ്ഥരുമായി രണ്ട് നിലകളുള്ള കെട്ടിടത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. നിലവിൽ മറീന, എലിയറ്റ്സ് ബീച്ചുകൾക്ക് ചുറ്റുമാണ് ഡ്രോണുകൾ പ്രവർത്തിക്കുന്നത്.
ആറ് ദ്രുതപ്രതികരണ-നിരീക്ഷണ ഡ്രോണുകളും രണ്ട് ഹെവി ലിഫ്റ്റ് മൾട്ടി റോട്ടർ ഡ്രോണുകളും രണ്ട് ലോങ് റേഞ്ച് സർവേ വിങ് പ്ലെയിൻ ഡ്രോണുകളും ഉൾപ്പെടുന്നതാണ് യൂണിറ്റ്. എല്ലാ ഡ്രോണുകളും നിർമിതബുദ്ധി (എ.ഐ.) അധിഷ്ഠിതമാക്കിയുള്ളതാണ്. യൂണിറ്റിൽനിന്ന് അഞ്ച് മുതൽ പത്ത് കിലോമീറ്റർവരെ ഡ്രോണുകൾ പ്രവർത്തിപ്പിക്കാനാവും.
ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് രജിസ്ട്രേഷൻ ക്യാമറകളും ഡ്രോണുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതുവഴി വാഹന രജിസ്ട്രേഷൻ വിവരങ്ങൾ തത്സമയം പരിശോധിക്കാനാവും.
മോഷ്ടിച്ച വാഹനങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കും. തെർമൽ ക്യാമറകൾ ഘടിപ്പിച്ച ഹെവി ലിഫ്റ്റ് ഡ്രോണിന് രാത്രിനേരങ്ങളിൽ തിരമാലകളിൽപ്പെടുന്നവരെ കണ്ടെത്തി ലൈഫ് ജാക്കറ്റ് നൽകി രക്ഷപ്പെടുത്താൻ കഴിയും.










