ന്യൂഡൽഹി:ഡൽഹിയിൽ ബക്രീദ് ദിനത്തിൽ ക്ഷേത്രത്തിലേക്ക് മാംസം എറിഞ്ഞയാൾ അറസ്റ്റിൽ. ബാബർപൂർ സ്വദേശിയായ അസീം ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വടക്കൻ ഡൽഹിയിലെ നള റോഡിലുള്ള ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബക്രീദ് ദിനത്തിൽ വൈകീട്ട് അഞ്ചരയോടെയായിരുന്നു ക്ഷേത്രത്തിന് നേർക്ക് പ്രതി മാംസം എറിഞ്ഞത്. ക്ഷേത്ര കവാടത്തിൽ പോത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതിനെ തുടർന്ന് അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഉടനെ പോലീസ് സ്ഥലത്ത് എത്തി. ന്യൂസ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ പോത്തിന്റെ തലയും മറ്റ് ഭാഗങ്ങളും കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ ഉടനെ ക്ഷേത്രം അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
വർഗ്ഗീയ സംഘർഷം ലക്ഷ്യമിട്ടാണ് അസീം ക്ഷേത്രത്തിന് നേർക്ക് മാംസം എറിഞ്ഞത് എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ക്ഷേത്രം അധികൃതരുടെ പരാതിയിൽ ഇതുമായി ബന്ധപ്പെട്ട വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Discussion about this post