വിരുദ്ധാഹാരങ്ങളെ കുറിച്ച് നമ്മള്‍ ഏറെ പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ അതിന്റെ ശാസ്ത്രീയവശങ്ങളെ കുറിച്ചൊന്നും പറയുന്നവരോ കേള്‍ക്കുന്നവരോ ചിന്തിക്കാറില്ല. ചില പോഷകവസ്തുക്കള്‍ ഒരുമിച്ച് കഴിക്കുന്നത് പരസ്പരം ആഗിരണത്തിന് സഹായിക്കും. ഉദാഹരണത്തിന് വൈറ്റമിന്‍ ഡിയും കാല്‍സ്യവും, അയേണും വൈറ്റമിന്‍ സിയും എന്നിങ്ങനെ. എന്നാല്‍ ചില ഭക്ഷണങ്ങളുടെ കോംബോ ശരീരത്തിന് അസ്വസ്ഥതയും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കും. ഉദാഹരണത്തിന് പാലും തൈരും നമ്മള്‍ ഒരുമിച്ച് ഉപയോഗിക്കാറില്ല. അതുപോലെ ഒഴിവക്കേണ്ടതായി നിരവധി വിരുദ്ധാഹാരങ്ങളുണ്ട്. ഇവ ഒന്നിച്ച് കഴിച്ചാല്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകുകയോ അല്ലെങ്കില്‍ ഒന്ന് മറ്റൊന്നിന്റെ ആഗിരണത്തെ തടയുകയോ ചെയ്യാം. അങ്ങനെയുള്ള ചില വിരുദ്ധാഹാരങ്ങളെ പരിചയപ്പെടാം.
ഭക്ഷണത്തിനൊപ്പം പഴങ്ങള്‍
ഭക്ഷണം കഴിക്കുന്നതിനിടയ്‌ക്കോ അല്ലെങ്കില്‍ ഭക്ഷണം കഴിച്ച് ഉടനോ പഴങ്ങള്‍ കഴിക്കുന്ന ശീലം മിക്കവര്‍ക്കും ഉണ്ട്. ഇത് നല്ലതാണെന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ പോഷകാഹാര വിദഗ്ധര്‍ പറയുന്നത് ഇത് തെറ്റാണെന്നാണ്. ഇവ ഒന്നിച്ച് കഴിച്ചാല്‍, ദഹനപ്രശ്‌നങ്ങളുണ്ടാകാം. പഴങ്ങള്‍ പ്രത്യേകമായി ഇടനേരത്ത് കഴിക്കുകയാണ് ഉചിതം.
കൊഴുപ്പുള്ള മാംസവും ചീസും
കൊഴുപ്പുള്ള, സംസ്‌കരിച്ച മാംസം ചീസിനൊപ്പം ഉപയോഗിച്ചാല്‍ അത് ശരീരത്തില്‍ കൂടുതല്‍ സാറ്റുച്ചേററ്റഡ് കൊഴുപ്പും സോഡിയവും എത്തുന്നതിന് കാരണമാകും. ഇത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇതൊഴിവാക്കുന്നതിനായി കൊഴുപ്പ് കുറഞ്ഞ മാംസവും ചീസും ഉപയോഗിക്കാവുന്നതാണ്.
പാലും പുളിരസമുള്ള പഴങ്ങളും
ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളില്‍ ആസിഡ് അടങ്ങിയിട്ടുണ്ട്. അവ പാലിനൊപ്പം ഉപയോഗിച്ചാല്‍ ആസിഡ് പാലിനെ പിരിക്കുകയും അത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. അതുകൊണ്ട്, പഴങ്ങള്‍ക്കൊപ്പം പുളിരസമുള്ള പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.
അയേണും കാല്‍സ്യവും
ശരീരത്തിന് അത്യന്താപേക്ഷിതമായ രണ്ട് പ്രധാന പോഷകങ്ങളാണ് അയേണും കാല്‍സ്യവും. എന്നാല്‍ ഇവ ഒന്നിച്ച് കഴിച്ചാല്‍ ശരീരത്തിന് ഇവ ആഗിരണം ചെയ്യാന്‍ കഴിയാതെ വരും. ഇരു പോഷകങ്ങളുടെയും ആഗിരണം നടക്കുന്നതിനായി അയേണിനൊപ്പം വൈറ്റമിന്‍ സിയും കാല്‍സ്യത്തിനൊപ്പം വൈറ്റമിന്‍ ഡിയും ഉപയോഗിക്കുക.
ചെറിയ അളവുകളിലാണ് ഇവ കഴിക്കുന്നതെങ്കില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയില്ല. എങ്കിലും ഇവ ഒരുമിച്ച് ഉപയോഗിക്കാതിരിക്കുകയാണ് അഭികാമ്യം.
Discussion about this post