മുംബൈ : ഐഎസ്‌ഐഎസിന് വേണ്ടി പ്രവർത്തിച്ച ഭീകരർ മഹാരാഷ്ട്രയിൽ പിടിയിൽ. നാല് ഭീകരരെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതത്. മുംബൈ, താനെ പൂനെ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ തബിഷ് നാസർ സിദ്ധിഖി, സുബൈർ നൂർ മുഹമ്മദ് ഷെയ്ഖ്, ഷർജീൽ ഷെയ്ഖ്, സുൽഫിക്കർ അലി ബറോദാവാല എന്നിവരാണ് പിടിയിലായത്.
യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ഐഇഡി ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കാൻ പരിശീലനം നൽകുകയും ചെയ്യുന്നതായി ദേശീയ അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചിരുന്നു. പിസ്റ്റളും സ്‌ഫോടക വസ്തുക്കളും സ്വയം നിർമ്മിക്കാൻ സഹായിക്കുന്ന കിറ്റുകളും യുവാക്കൾക്കിടയിൽ പ്രചരിപ്പിച്ചിരുന്നു. വോയ്‌സ് ഓഫ് ഹിന്ദിലൂടെയും ഇതുമായി ബന്ധപ്പെട്ട സംഭവങ്ങൾ പ്രചരിപ്പിച്ചിരുന്നു.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. ഭീകരരുടെ വീടുകളിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കാൻ യുവാക്കൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു എന്നതിന്റെ തെളിവുകളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ, പരമാധികാരം എന്നിവ ലംഘിച്ചുകൊണ്ട് മഹാരാഷ്ട്രയിൽ ഐഎസ്‌ഐഎസിന്റെ സ്ലീപ്പർ സെൽ രൂപീകരിച്ച് രാജ്യത്തിനെതിരെ യുദ്ധം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Discussion about this post