ജര്‍മ്മന്‍ ഇന്‍ഫ്‌ളുവന്‍സറായ ജോ ലിന്‍ഡറിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ ആരാധകര്‍ കേട്ടത്. ജോസ്തെറ്റിക്സ് എന്ന പേരിൽ ആരോഗ്യപരിപാലനത്തില്‍ പേരെടുത്ത ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സറായ ലിന്‍ഡര്‍ മരിച്ചത് അദ്ദേഹത്തിന്റെ മുപ്പതാം വയസ്സിലാണ്. ഇന്‍സ്റ്റഗ്രാമില്‍ 8.5 ദശലക്ഷം ഫോളോവേഴ്‌സും യൂട്യൂബില്‍ 940k സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ടായിരുന്ന അദ്ദേഹം ഫിറ്റ്‌നസ് ടിപ്പുകളും ട്രിക്കുകളുമെല്ലാം എപ്പോഴും ഫോളോവേഴ്‌സുമായി പങ്കുവെച്ചിരുന്നു.
മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ലിന്‍ഡറിന് കഴുത്തുവേദന ഉണ്ടായിരുന്നതായും എന്നാല്‍ അപ്പോഴത്തേക്കും ഏറെ വൈകിപ്പോയിരുന്നുവെന്നും അദ്ദേഹത്തിന്റെ പെണ്‍സുഹൃത്തായ നിച തന്റെ സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. അന്യൂറിസം എന്ന അവസ്ഥയാണ് ലിന്‍ഡറിന്റെ ജീവനെടുത്തത്.
എന്താണ് അന്യൂറിസം?
രക്തക്കുഴലിന്റെ ഭിത്തിയില്‍ അസാധാരണമായ നീര്‍ക്കെട്ട് ഉണ്ടാകുന്ന അവസ്ഥയാണ് അന്യൂറിസം. ധമനിയുടെ ഒരു ഭാഗം ദുര്‍ബലമാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുമൂലം ധമനി ബലൂണ്‍ പോലെ വീര്‍ക്കുകയോ അല്ലങ്കില്‍ വീതി കൂടുകയോ ചെയ്യുന്നു. അന്യൂറിസത്തിന്റെ കാരണം വ്യക്തമല്ല. ചില ആളുകള്‍ക്ക് ജന്മനാ അന്യൂറിസം ഉണ്ടാകാമെന്നും അത് ഒരു പാരമ്പര്യ രോഗമായിരിക്കാമെന്നും ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നത്, കുടുംബത്തില്‍ ആര്‍ക്കെങ്കിലും അന്യൂറിസം ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും രോഗം വരാമെന്നാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പുകയില ഉപയോഗം എന്നിവയും രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ആന്‍ജിയോഗ്രാം, സിടി സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാനിംഗ് എന്നിവയിലൂടെ രോഗം കണ്ടെത്താം. അബ്‌ഡോമിനല്‍ ആര്‍ടിക് അന്യൂറിസം, സെറിബ്രല്‍ അന്യൂറിസം, കോമണ്‍ ഇലിയാക് ആര്‍ട്ടറി അന്യൂറിസം എന്നിങ്ങനെ അന്യൂറിസം പലതരത്തിലുണ്ട്.
രോഗലക്ഷണങ്ങള്‍
അന്യൂറിസത്തിന് ലക്ഷണങ്ങള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. പ്രത്യേകിച്ച് വര്‍ഷങ്ങള്‍ കൊണ്ട് രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥകളില്‍. എവിടെയാണ് അന്യൂറിസം ഉണ്ടാകുന്നത് എന്നതിനനുസരിച്ച് രോഗലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം.
തലവേദന, അടിവയറ്റിലോ പുറത്തോ അനുഭവപ്പെടുന്ന വേദന, അടിവയറ്റില്‍ തടിപ്പ്, താഴ്ഭാഗങ്ങളില്‍ നീലനിറം, ക്ഷീണം, കാഴ്ചാപ്രശ്‌നങ്ങള്‍, ആശയക്കുഴപ്പം, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഉയര്‍ന്ന ശബ്ദത്തോടെയുള്ള ശ്വാസോച്ഛാസം, കഴുത്തില്‍ നീര്‍ക്കെട്ട്, നെഞ്ചിലോ പുറത്തോ വേദന, ഛര്‍ദ്ദി തുടങ്ങി ശരീരത്തിലെ സ്ഥാനം അനുസരിച്ച് പല ലക്ഷണങ്ങളും അന്യൂറിസം കാണിക്കാറുണ്ട്.
ഏതെങ്കിലും രീതിയിലുള്ള ലക്ഷണങ്ങള്‍ തോന്നിയാല്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് അടിക്കടി ചെയ്യുന്നത് രോഗം നേരത്തെയറിന്‍ സഹായിക്കും. രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ അടിയന്തര വൈദ്യസഹായം ആവശ്യമാണ്. പുകവലി ഉപേക്ഷിക്കുക, രക്തത്തിന്റെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തുക, അമിതവണ്ണം കുറയ്ക്കുക, ഭക്ഷണത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുക തുടങ്ങിയവയെല്ലാം രോഗം വഷളാകുന്നത് തടയും. മിക്ക സാഹചര്യങ്ങളിലും രോഗം കണ്ടെത്തിയാല്‍ രോഗിക്ക് ശസ്ത്രക്രിയ ആവശ്യമായി വരാറുണ്ട്.
Discussion about this post