മുംബൈ: പ്രായം ഏറിയിട്ടും എൻസിപി ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്ന ശരദ് പവാറിനെ വിമർശിച്ച് അജിത് പവാർ. 83 വയസായി, ഇനിയും ഇത് അവസാനിപ്പിക്കാറായില്ലേയെന്ന് അജിത് പവാർ ചോദിച്ചു. 25 മുതൽ 75 വയസ് വരെയാണ് ഒരാളുടെ ക്രിയാത്മകമായ സമയം. എൽകെ അദ്വാനിയും മുരളി മനോഹർ ജോഷിയും അടക്കമുളള ബിജെപി നേതാക്കൾ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചത് കണ്ടില്ലേയെന്നും അജിത് പവാർ ചോദിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥർ 60 വയസിൽ വിരിമിക്കും. രാഷ്ട്രീയത്തിലാണെങ്കിൽ 75 വയസ് കഴിയുമ്പോൾ നേതാക്കൾ വിരമിക്കുന്നുണ്ടെന്നും അജിത് പവാർ ഓർമ്മിപ്പിച്ചു. മുംബൈയിൽ തനിക്കൊപ്പം നിൽക്കുന്നവരുടെ യോഗത്തിലായിരുന്നു അജിത് പവാറിന്റെ വാക്കുകൾ. ശരദ് പവാറിന്റെ മുൻകാല രാഷ്ട്രീയ നിലപാടുകളെയും അജിത് പവാർ വിമർശിച്ചു.
2004 ൽ എൻസിപിക്ക് കോൺഗ്രസിനെക്കാൾ എംഎൽഎമാർ ഉണ്ടായിരുന്നു. അന്ന് മുഖ്യമന്ത്രിപദം കോൺഗ്രസിന് വിട്ടുനൽകിയില്ലെങ്കിൽ മഹാരാഷ്ട്രയിൽ ഇപ്പോഴും എൻസിപി മുഖ്യമന്ത്രി അധികാരത്തിലിരുന്നേനെ. സീറ്റുകൾ കൂടുതൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രിപദം പാർട്ടി ത്യജിച്ചതെന്ന് അജിത് പവാർ ചോദിച്ചു.
ശരദ് പവാർ ഒരിക്കലും പാർട്ടിയുടെ ശബ്ദം കേട്ടിരുന്നില്ല. അതുകൊണ്ട് മാത്രമാണ് എൻസിപിക്ക് മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയുണ്ടാകാതെ പോയത്. പാർട്ടിയുടെ നിലപാടിൽ നിന്ന് മാറിയാണ് ശരദ് പവാർ നിലപാട് സ്വീകരിച്ചിരുന്നതെന്നും അജിത് പവാർ കുറ്റപ്പെടുത്തി. തന്നെ ഒരു വില്ലനാക്കിയാണ് എല്ലായിടത്തും ശരദ് പവാർ ചിത്രീകരിക്കുന്നത്. പക്ഷെ ഇപ്പോഴും ശരദ് പവാറിനോട് അഗാധമായ ബഹുമാനമുണ്ടെന്നും അജിത് കൂട്ടിച്ചേർത്തു.
എൻസിപിയിലെ പിളർപ്പിന് ശേഷം ഇരുപക്ഷവും ഇന്ന് ശക്തിപ്രകടനം നടത്തിയിരുന്നു. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരിൽ നിന്ന് പിന്തുണ രേഖാമൂലം ഒപ്പുവെച്ചു വാങ്ങിയ ശരദ് പവാർ കൂടുതൽ എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്നും അവകാശപ്പെട്ടു. അധികാരത്തിന് വേണ്ടി തങ്ങൾക്ക് ആർത്തിയില്ല. അജിത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നുവെങ്കിൽ തന്നോട് സംസാരിക്കാമായിരുന്നുവെന്നും ശരദ് പവാർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പവാറിന്റെ അടുത്ത അനുയായികൾ ഉൾപ്പെടെ അജിത് പവാറിന്റെ നേതൃത്വത്തിൽ എൻഡിഎയുടെ ഭാഗമായത്.
Discussion about this post