മാലിദ്വീപ്; “13 വർഷമായി മനസിൽ കൊണ്ടുനടന്ന ഇന്ത്യയെ പ്രതിനിധീകരിച്ച് ടൂർണമെന്റിൽ പങ്കെടുക്കുക എന്ന ആഗ്രഹം ആഗ്രഹം സഫലീകരിക്കാൻ രണ്ട് ദിവസങ്ങൾ മാത്രം. ചില സമയങ്ങളിൽ അത് ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയിരുന്നു. ആഗ്രഹം ഉപേക്ഷിച്ച ഘട്ടം പോലും ഉണ്ടായി. പക്ഷെ ഒടുവിൽ ഇവിടെ ഞാൻ ടീം ഇന്ത്യയുടെ കുപ്പായം അണിഞ്ഞിരിക്കുന്നു.” ബോഡിബിൽഡിംഗ് മെൻ അത്‌ലറ്റിക് ഫിസിക് വിഭാഗത്തിൽ സൗത്ത് ഏഷ്യൻ, ഏഷ്യൻ, ലോക ചാമ്പ്യൻഷിപ്പുകളിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടിയ ആലപ്പുഴ ചുങ്കം സ്വദേശി എകെ അമലിന്റെ വാക്കുകളാണിത്.
പവർഫുൾ ആണ് അമൽ; വീഡിയോ കാണാം
മത്സരത്തിനായി അമൽ ഇന്നലെ മാലിദ്വീപിൽ എത്തി. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് രാജ്യത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചത്. ബോഡിബിൽഡിംഗ് മെൻ അത്‌ലറ്റിക് ഫിസിക് വിഭാഗത്തിൽ കേരളത്തിൽ നിന്ന് ആരും ഇതുവരെ അന്താരാഷ്ട്ര മത്സരത്തിൽ എത്തിയിട്ടില്ല. ലോക ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടെ പങ്കെടുക്കാൻ യോഗ്യത നേടിയ ആദ്യ മലയാളിയെന്ന പ്രത്യേകതയുമുണ്ട്.
ഏഴാം തീയതിയാണ് അമലിന്റെ കാറ്റഗറിയിൽ മത്സരം. 70 കിലോയിൽ താഴെ ഭാരമുളള 167 സെന്റിമീറ്റർ ഉയരമുളളവരുടെ കാറ്റഗറിയിലാണ് അമൽ മത്സരിക്കുന്നത്. രാജ്യത്തിന് വേണ്ടി മെഡൽ നേടാനാകുമെന്ന പ്രതീക്ഷയിൽ ഏറെ ആത്മവിശ്വാസത്തോടെയാണ് അമൽ മാലിദ്വീപിൽ എത്തിയത്. ചുങ്കത്ത് ചുമട്ടുതൊഴിലാളിയായ അമൽ പത്താം ക്ലാസ് മുതൽ ജിമ്മിൽ പരിശീലനം നടത്തുന്നുണ്ട്. ആലപ്പുഴ രാമവർമ്മ ക്ലബ്ബിൽ പ്രവർത്തിക്കുന്ന ജിംനേഷ്യത്തിലെ ട്രെയിനർ കൂടിയാണ്.
മാലിദ്വീപിലെ മത്സരത്തിന് പിന്നാലെ സെപ്തംബറിൽ നേപ്പാളിലാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. പിന്നാലെ നവംബറിൽ ദക്ഷിണ കൊറിയയിൽ ലോകചാമ്പ്യൻഷിപ്പും നടക്കും. മൂന്ന് മത്സരങ്ങളിലും കൂടി പങ്കെടുക്കാൻ അഞ്ച് ലക്ഷത്തിലധികം രൂപയാണ് ചിലവ്. സാധാരണ കുടുംബമായ അമലിന് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്. ഇതിനായി സഹായമഭ്യർത്ഥിച്ച് ബ്രേവ് ഇന്ത്യ ന്യൂസ്
ഉൾപ്പെടെ അമലിന്റെ കഥ വാർത്തയാക്കിയിരുന്നു.
ജൂണിൽ ഗോവയിൽ നടന്ന മത്സരത്തിലാണ് രാജ്യത്തെ മറ്റിടങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികളെ പിന്തളളി അമൽ ലോക ചാമ്പ്യൻഷിപ്പുകൾക്ക് യോഗ്യത നേടിയത്. മൂന്ന് തവണ മിസ്റ്റർ ആലപ്പുഴ കൂടിയായിരുന്ന അമൽ മുൻപ് ദേശീയ തലത്തിൽ പല തവണ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പാണിത്.
Discussion about this post