ഇസ്ലാമാബാദ്: പാകിസ്താൻ ചൈനയുടെ കടക്കെണിയിൽ വീണ് കഴിഞ്ഞെന്ന റിപ്പോർട്ടുകളെ തള്ളി പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ. അന്താരാഷ്ട്ര നാണയ നിധി സഹായം നൽകുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് പാക് മന്ത്രിയുടെ ഈ അവകാശവാദം. പാകിസ്താൻ ചൈനയുടെ കടക്കെണിയിലാണെന്ന് പറയുന്നത് ശരിയല്ല. ചൈനയിൽ നിന്നുള്ളത് നിക്ഷേപങ്ങളും അല്ലറ ചില്ലറ, ചെറിയ വായ്പകളും ആണെന്ന് ബിലാവൽ ഭൂട്ടോ അവകാശപ്പെട്ടു. ചൈന നിക്ഷേപങ്ങളുടെ രൂപത്തിലും ചെറിയ വായ്പകളുടെ രൂപത്തിലുമാണ് തങ്ങളെ സഹായിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനായി ചൈനയിലെത്തി ഷി ജിൻ പിങ്ങിനോട് കടം ചോദിച്ച പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റ യാത്ര മനപ്പൂർവ്വം മറച്ചുവെച്ചാണ്, ചൈനയിൽ നിന്നും വലിയ കടങ്ങൾ ഇല്ലെന്ന് പാക് മന്ത്രി അവകാശപ്പെടുന്നത്.ഇരുരാജ്യങ്ങളിലുമുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കും അതിർത്തി കടന്ന് ഇടപാടുകൾ നടത്താൻ വഴിയൊരുക്കുന്ന കരാറിൽ 2022 ൽ തന്നെ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന(പിബിഒസി)യും സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനും ഒപ്പുവെച്ചിരുന്നു.
കടം കുമിഞ്ഞ് കൂടിയതോടെ അന്താരാഷ്ട്ര നിധിയിൽ നിന്നുള്ള സഹായം ചൈനയുടെ കടം വീട്ടാൻ ഉപയോഗിക്കാനുള്ള നീക്കം ഇന്ത്യയും അമേരിക്കൻ പ്രസിഡന്റായിരുന്ന ട്രംപും ചേർന്നാണ് തടഞ്ഞത്. ഇതെല്ലാം നിലനിൽക്കെയാണ് ബിലാവൽ ഭൂട്ടോയുടെ പുതിയ വാദങ്ങൾ
കഴിഞ്ഞ വർഷമുണ്ടായ പ്രളയവും പെരുമഴയും തീർത്ത ദുരിതത്തെ കൂടാതെ വാർഷിക പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ മെയിൽ 38 ശതമാനത്തിലെത്തിയത് പാകിസ്താന് വലിയ തിരിച്ചടിയായി. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, അതിന്റെ വിദേശ കരുതൽ ശേഖരം ഇപ്പോൾ 4.3 ബില്യൺ ഡോളർ എന്ന അപകടകരമായ നിലയിലേക്ക് താഴ്ന്നു.
Discussion about this post