ഒച്ച് ഇഴഞ്ഞുപോകുമ്പോള്‍ അത് പോയ വഴിയില്‍ ഒരു നനവ് അവശേഷിപ്പിക്കാറുണ്ട്. അവയുടെ മൃദുലമായ ചര്‍മ്മം സംരക്ഷിക്കുന്നതിന് വേണ്ടി ഒച്ച് ഉല്‍പ്പാദിപ്പിക്കുന്ന കൊഴുത്ത ദ്രവമാണത്. കണ്ടാല്‍ അറപ്പുണ്ടാക്കുന്നതാണെങ്കില്‍ ഇത് ചര്‍മ്മ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് വളരെ നല്ലതാണെന്നാണ് ഇപ്പോഴത്തെ സംസാരം. അതുകൊണ്ട് തന്നെ നല്ല തിളക്കമുള്ള ചര്‍മ്മം ലഭിക്കുന്നതിനായി സൗന്ദര്യപ്രേമികള്‍ ഇപ്പോള്‍ ഒച്ചിന്റെ പുറകയാണത്രേ. ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തി തിളക്കമുള്ള ചര്‍മ്മം ലഭിക്കാന്‍ സഹായിക്കുന്ന ഈ ദ്രവം കൊറിയയില്‍ സൗന്ദര്യ വര്‍ദ്ധക ചേരുവയായി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്‌നെയില്‍ സെക്രീഷന്‍ ഫില്‍ട്രേറ്റ് എന്നും അറിയപ്പെടുന്ന ഒച്ചിന്റെ ശ്ലേഷ്മത്തില്‍ ഗ്ലൈക്കോപ്രോട്ടീനുകള്‍, ഹയലുറോണിക് ആസിഡ്, ഗ്ലോക്കോണിക് ആസിഡ്, പെപ്‌റ്റൈഡുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിങ്ങനെ പലതരത്തിലുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ചര്‍മ്മരോഗ വിദഗ്ധരും കോസ്മറ്റോളജിസ്റ്റുകളും സാക്ഷ്യപ്പെടുത്തുന്നു. ക്രീമുകള്‍, സിറം, ഷീറ്റ് മാസ്‌കുകള്‍ തുടങ്ങി വിവിധതരം സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങളിലും സമീപകാലത്തായി ഒച്ചിന്റെ ശ്ലേഷ്മം ഉപയോഗിക്കുന്നുണ്ട്. മിക്ക ബ്രാന്‍ഡുകളും അവരുടെ ഉല്‍പ്പന്നങ്ങളുടെ കവറുകളില്‍ ചേരുവകളുടെ കൂട്ടത്തില്‍ ഇക്കാര്യം വ്യ്ക്തമാക്കുന്നുമുണ്ട്.
ഗുണങ്ങള്‍ എന്തെല്ലാം
ഊര്‍പ്പം നിലനിര്‍ത്തി ചര്‍മ്മത്തിന് സ്വാസ്ഥ്യം നല്‍കാന്‍ ഒച്ചിന്റെ ശ്ലേഷ്മത്തിന് കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. ചര്‍മ്മത്തിന്റെ ഇലാസ്തികതയും ദൃഢതയും മെച്ചപ്പെടുത്താനും ഇതിന് കഴിയും. പോഷകസമ്പുഷ്ടമായ ഒച്ചിന്റെ ശ്ലേഷ്മം ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങളും തകരാറുകളും മാറ്റി നവോന്മേഷം നല്‍കാനും ചുളിവുകള്‍ കുറയ്ക്കാനും പ്രായമാകല്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അകറ്റാനും നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.
ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നുവെന്നതാണ് ഒച്ചിന്റെ ശ്ലേഷ്മത്തിന്റെ പ്രധാന ഗുണം. ഹയലുറോണിക് ആസിഡാണ് ഇതിന് സഹായിക്കുന്നത്. ചര്‍മ്മത്തിലെ കേടുവന്ന കോശങ്ങള്‍ക്ക് പകരം പുതിയ കോശങ്ങള്‍ ഉണ്ടാക്കുന്ന പ്രക്രിയയെ വേഗത്തിലാക്കാനും ഒച്ചിന്റെ ശ്ലേഷ്മം നല്ലതാണ്. ഇതുമൂലം ചര്‍മ്മത്തിലുണ്ടാകുന്ന മുറിവുകള്‍, ചുളിവുകള്‍, നേര്‍ത്ത വരകള്‍ എന്നിവയെല്ലാം ഒരു പരിധി വരെ കുറയ്ക്കാനും ചര്‍മ്മം കൂടുതല്‍ മിനുസ്സമുള്ളതാക്കാനും കഴിയുന്നു.
സചേതനമായ ചര്‍മ്മം ഉള്ളവര്‍ക്ക് അലര്‍ജികളോ മറ്റെന്തെങ്കിലും കാരണങ്ങളോ കൊണ്ട് ചര്‍മ്മത്തിലുണ്ടാകുന്ന നിറവ്യത്യാസമോ അസ്വസ്ഥതകളോ അകറ്റാന്‍ ഒച്ചിന്റെ ശ്ലേഷ്മം ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
കൊളാജന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനുള്ള കഴിവുള്ളതിനാല്‍ ഒച്ചിന്റെ ശ്ലേഷം ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ ഇലാസ്തികതയും ദൃഢതയും മെച്ചപ്പെടുത്തി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.













Discussion about this post