മുംബൈ: ആഗോളതലത്തിലുയരുന്ന അനേകമായിരം പ്രശ്‌നങ്ങൾക്ക് ഇന്ത്യ പരിഹാരം കണ്ടെത്തുമെന്നാണ് ലോകം വിശ്വസിക്കുന്നതെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. സന്യാസി രാമദാസ് എഴുതിയ വാത്മീകി രാമായണം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹം ശരിയായ ദിശയിൽ സഞ്ചരിക്കുന്നതിനായി ഒരു രാജാവ് നമുക്ക് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തിലുള്ള നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയാതെ ലോകരാജ്യങ്ങൾ പലപ്പോഴും കുഴങ്ങാറുണ്ട്. ഇപ്പോൾ ലോകരാജ്യങ്ങളെല്ലാം ഉറ്റുനോക്കുന്നത് ഇന്ത്യയെ ആണ്. ആഗോളതലത്തിലുള്ള പ്രശ്‌നങ്ങൾക്കെല്ലാമുള്ള പരിഹാരം ഇന്ത്യയ്ക്ക് നൽകാൻ കഴിയുമെന്നാണ് ലോകം വിശ്വസിക്കുന്നത്. എന്നാൽ രാജ്യം ഇതിന് തയ്യാറാണോ?. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ നൽകാൻ പ്രാപ്തമുള്ള രാജ്യമാണ് നമുക്ക് വേണ്ടതെന്ന് കാര്യം ഏവർക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിന്റെ ശരിയായ ദിശയിലുള്ള സഞ്ചാരത്തിനായി ഒരു രാജാവ് ആവശ്യമാണ്. രാമന് ശേഷം രാജ്യത്തെ മികച്ച ഭരണാധികാരിയായി രാമദാസ് കണക്കാക്കുന്നത് ഛത്രപതി ശിവാജി മഹാരാജിനെയാണ്. രാജ്യം കീഴടക്കാൻ വന്ന അധിനിവേശ ശക്തികൾക്ക് ശിവാജി മഹാരാജ് ചുട്ട മറുപടി നൽകിയിരുന്നുവെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
യുദ്ധം എന്നാൽ മതത്തെ സംരക്ഷിക്കലോ, മതത്തെ സംരക്ഷിക്കാൻ യുദ്ധമോ അല്ല വേണ്ടത്. ആഴത്തിലറിഞ്ഞും ഉദ്‌ബോധിപ്പിച്ചും, അനുവർത്തിച്ചും മതത്തെ സംരക്ഷിക്കാം. ഇന്ന് കാലം മാറിയെങ്കിലും ഈ പ്രശ്‌നങ്ങൾ എല്ലാം നാം ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. നമ്മൾ അടിമകളല്ല. നമുക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇത് നമ്മുടെ തലച്ചോറിൽ നിന്നും വിട്ട് പോയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post