ആലപ്പുഴ : മഴ കനത്തതോടെ കുട്ടനാടൻ മേഖലയിൽ ജലനിരപ്പ് ഓരോ നിമിഷവും ഉയരുന്ന സാഹചര്യമാണുള്ളത്. ഈ അവസ്ഥയിൽ അടിയന്തിര സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലൻസ് കുട്ടനാട്ടിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് . കൂടാതെ മൂന്ന് മൊബൈൽ ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ, കരയിൽ സഞ്ചരിക്കുന്ന മൊബൈൽ യൂണിറ്റ് എന്നിവയും പ്രവർത്തനം കുട്ടനാട്ടിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാനായി തയ്യാറെടുത്തിട്ടുണ്ട് .
ജലഗതാഗത വകുപ്പിൽ നിന്നുള്ള രണ്ട് ജീവനക്കാർ, ആരോഗ്യ വകുപ്പിൽ നിന്നുള്ള ഒരു സ്റ്റാഫ് നഴ്‌സ് എന്നിവരാണ് വാട്ടർ ആംബുലൻസിൽ ഉണ്ടായിരിക്കുക.
കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നതോടെ വാഹനം എത്താത്ത പ്രദേശങ്ങളിലുള്ള വീടുകളിലെ രോഗികളെ ആവശ്യമെങ്കിൽ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്നതിനായാണ് വാട്ടർ ആംബുലൻസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും വാട്ടർ ആംബുലൻസിന്റെ സേവനം ഈ മേഖലയിൽ ലഭ്യമായിരിക്കും.
ഓക്സിജൻ ഉൾപ്പടെയുള്ള സേവനവും വാട്ടർ ആംബുലൻസിൽ ലഭ്യമാണ്.
ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെയായിരിക്കും പ്രവർത്തിക്കുക. ചമ്പക്കുളം, കാവാലം, കുപ്പപുറം എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളുടെ നിയന്ത്രണത്തിലുള്ളതാണ് മൂന്ന് ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ. ഡോക്ടർ, നഴ്‌സ്, ഫർമസിസ്റ്റ് എന്നിവരുടെ സേവനം ഫ്ലോട്ടിംഗ് ഡിസ്പെൻസറികളിൽ ലഭ്യമായിരിക്കും.
Discussion about this post