ലക്നൗ : പബ്ജി കളിച്ച് പ്രണയത്തിലായി പാകിസ്താനിൽ നിന്ന് ഇന്ത്യയിലെത്തിയ യുവതിയും യുപി സ്വദേശിയായ യുവാവും വിവാഹം ചെയ്തുവെന്ന് കണ്ടെത്തൽ. കാഠ്മണ്ഡുവിൽ വെച്ച് ഇരുവരും വിവാഹം കഴിച്ചുവെന്ന് യുവതി കോടതിയോട് പറഞ്ഞു. തുടർന്ന് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ച് ഗ്രേറ്റർ നോയിഡ കോടതി. സീമ ഗുലാമിനെയും സച്ചിൻ മീനയെയും ജൂലൈ 4 നാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചതിനാണ് സീമയെ അറസ്റ്റ് ചെയ്തതെങ്കിൽ, അനധികൃതമായി ഒരാളെ രാജ്യത്ത് താമസിപ്പിച്ചതിനാണ് സച്ചിനെതിരെ നടപടി എടുത്തത്.
ജൂലൈ നാലിന് തന്നെ ഇവർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെച്ച് പ്രണയം തുറന്ന് പറഞ്ഞിരുന്നു. വിവാഹം കഴിച്ച് ഇന്ത്യയിൽ താമസിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. 2019 മുതൽ പബ്ജി കളിച്ച് ഇവർ അടുപ്പത്തിലായിരുന്നു. ഇതോടെയാണ് നാല് മക്കളെയും കൂട്ടി ഇന്ത്യയിലേക്ക് വരാൻ യുവതി തീരുമാനിച്ചത്.
ജേവാർ സിവിൽ കോടതിയിലെ ജസ്റ്റിസ് നസീം അക്ബറാണ് ഇരുവർക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസ് നടക്കുന്ന സമയം മുഴുവൻ സീമ മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. വിളിപ്പിച്ചാൽ അപ്പോൾ തന്നെ കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്. ഏഴ് വയസിന് താഴെ പ്രായമുളള സീമയുടെ നാല് മക്കളും അവളോടൊപ്പം ജയിലിലായിരുന്നു.
പാകിസ്താനിൽ നിന്ന് വന്ന ശേഷം കഠ്മണ്ഡുവിൽ വെച്ച് സച്ചിനെ വിവാഹം കഴിച്ചുവെന്നാണ് സീമ പറയുന്നത്. അവരെ പാകിസ്താനിലേക്ക് തിരിച്ച് അയച്ചാൽ അവരുടെ ജീവന് തന്നെ അത് ആപത്താണ്. ചെയ്ത പ്രവൃത്തി കാരണം എല്ലാവരും ചേർന്ന് തന്നെ കൊല്ലുമെന്ന് സീമയ്ക്ക് ഭയമുണ്ടെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇതേ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. സച്ചിന്റെ അച്ഛൻ നേത്രപാൽ സിംഗിനെയും ജാമ്യത്തിൽ വിട്ടു.
Discussion about this post