ന്യൂഡൽഹി : ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴ തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം. ഡൽഹി, ഹരിയാന, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മുകാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ കനത്തമഴക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഡൽഹിയിൽ ഇന്നലെ പെയ്ത അതിതീവ്രമഴ ഈ സീസണിൽ ലഭിക്കുന്ന ആദ്യത്തെ കനത്ത മഴയാണെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. 41 വർഷങ്ങൾക്കുശേഷം ആദ്യമായാണ് നഗരത്തിൽ 24 മണിക്കൂറിനുള്ളിൽ 153 മി.മീ മഴ ലഭിക്കുന്നത്. സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യതയുണ്ട്. ഡൽഹിയിൽ വീട് തകർന്ന് ഒരു സ്ത്രീയും രാജസ്ഥാനിൽ നാല് പേരും മരണപ്പെട്ടു. ഡൽഹിയിൽ കനത്ത മഴ വലിയ നാശനഷ്ടമാണ് വരുത്തി വച്ചത്. മഴയിൽ ഡൽഹിയിൽ പതിനഞ്ച് വീടുകളും മറ്റ് നിരവധി കെട്ടിടങ്ങളും തകർന്നതായാണ് റിപ്പോർട്ട്.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ രാജ്സമദ്, ജലോർ, പാലി, അജ്മീർ, അൽവാർ, ബൻസ്വാര, ഭരത്പൂർ, ഭിൽവാര, ബുണ്ടി, ചിറ്റൊർഗർഗ്, ഡൗസാ, ഡൗൾപുർ, ജയ്പുർ, കൊട്ട എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി.
ശ്രീനഗർ-ജമ്മു ഹൈവേയിൽ ഇന്നെലെയുണ്ടായ ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലിലും റോഡ് ഒലിച്ചുപോയതിനെ തുടർന്ന് അമർനാഥ് തീർത്ഥാടനം താത്കാലികമായി നിർത്തി വെച്ചിരുന്നു. ഈ യാത്രാവിലക്ക് ഇന്നും തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഹിമാചൽപ്രദേശിലെ വിവിധയിടങ്ങളിൽ ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടർന്ന് കാലാവസ്ഥാ കേന്ദ്രം സംസ്ഥാനത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post