പൂനെ ; ലെഷ്പാൽ ജവൽഗെ മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ജൂൺ 27 ന് മറ്റേതൊരു ദിവസത്തെയും പോലെ തന്നെ വായനശാലയായ വിദ്യാനികേതനിലേക്ക് പോകുകയായിരുന്നു ലെഷ്പാൽ. റോഡിലൂടെ നടന്നു പോകുന്നതിനിടയിലാണ് ബൈക്കിൽ യാത്ര ചെയ്തിരുന്ന ഒരു പെൺകുട്ടിയെയും പയ്യനെയും ഒരാൾ തടഞ്ഞു നിർത്തി ആക്രോശിക്കുന്നത് ലെഷ്പാൽ കണ്ടത്. ആദ്യം അത് സുഹൃത്തുക്കൾ തമ്മിലുള്ള എന്തെങ്കിലും വഴക്ക് ആയിരിക്കും എന്നാണ് അയാൾ കരുതിയത്. എന്നാൽ അവൻ നടന്നു നീങ്ങുന്നതിനു മുൻപ് തന്നെ ദേഷ്യപ്പെട്ട് സംസാരിച്ചുകൊണ്ടിരുന്ന വ്യക്തി ഒരു വെട്ടുകത്തി പുറത്തെടുത്തു. ബൈക്കിൽ യാത്ര ചെയ്തിരുന്ന പയ്യനെ ആ വ്യക്തി ആക്രമിക്കാൻ തുടങ്ങിയപ്പോൾ കൂടെയുണ്ടായിരുന്ന പെൺകുട്ടി പരിഭ്രാന്തയായി എതിർ ദിശയിലേക്ക് ഓടി. ഉടൻതന്നെ അക്രമി വെട്ടുകത്തിയുമായി ആ പെൺകുട്ടിയുടെ പുറകെ ഓടി. ഇതെല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന ലെഷ്പാലിന് അപ്പോൾ മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല എങ്ങനെയെങ്കിലും ആ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കണം എന്നോർത്ത് അയാളും അക്രമിയുടെ പുറകെ ഓടി.
സഹായത്തിനായി അഭ്യർത്ഥിച്ചുകൊണ്ട് ആ പെൺകുട്ടി അടുത്തുള്ള ഒരു ബേക്കറിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു. പക്ഷേ അവളെ അകത്തു കടക്കാൻ അനുവദിച്ചില്ല. ആ ബേക്കറിയുടെ വാതിൽ പടിയിലായി വീണ അവളെ അക്രമി വെട്ടുകത്തി കൊണ്ട് വെട്ടി. ഭാഗ്യം കൊണ്ട് ആദ്യത്തെ വെട്ടിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആ പെൺകുട്ടിക്ക് കഴിഞ്ഞു. രണ്ടാമതും അവളെ വെട്ടാനാഞ്ഞ അക്രമിയെ ലെഷ്പാൽ ജവൽഗെ പുറകിൽ നിന്നും പിടികൂടി. അതേസമയം തന്നെ വായനശാലയിൽ നിന്നും ഓടിയെത്തിയ ലെഷ്പാലിന്റെ സഹപാഠി കൂടിയായ ഹർഷാദ് പാട്ടീൽ അക്രമിയുടെ കൈകളിൽ നിന്നും വെട്ടുകത്തി ബലമായി പിടിച്ചു വാങ്ങി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആയിരുന്നു ഇതെല്ലാം തന്നെ സംഭവിച്ചത്. ലെഷ്പാലിന്റെയും ഹർഷാദിന്റെയും വരവ് ഏതാനും സെക്കന്റുകൾ വൈകിയിരുന്നെങ്കിൽ പോലും ചിലപ്പോൾ ആ പെൺകുട്ടി കൊല്ലപ്പെട്ട വാർത്തയായിരിക്കും നമ്മൾ കേൾക്കേണ്ടി വരിക. അവിടം കൊണ്ടും സംഭവം തീർന്നില്ല . രോഷാകുലരായ ആൾക്കൂട്ടം അക്രമിയെ ഉപദ്രവിക്കുന്നത് തടയുകയും അയാളെ പോലീസിൽ ഏല്പിക്കാൻ നേതൃത്വം നൽകുകയും ചെയ്ത ശേഷമാണ് ആ വിദ്യാർത്ഥികൾ മടങ്ങിയത്.
പൂനെയിലെ മുൽഷി മേഖലയിലെ ഡോംഗർഗാവ് ഗ്രാമത്തിലെ താമസക്കാരനും വിദ്യാർത്ഥിയുമായ ശന്തനു ലക്ഷ്മൺ ജാദവാണ് അക്രമിയെന്ന് പിന്നീട് തിരിച്ചറിഞ്ഞു. 21കാരനായ ഈ യുവാവിന്റെ മോശം പെരുമാറ്റം കാരണം പെൺകുട്ടി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചതാണ് ആക്രമിക്കാൻ ഉണ്ടായ കാരണം എന്നാണ് ഇയാൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി.
ഇപ്പോൾ നാടുമുഴുവൻ വാഴ്ത്തപ്പെടുന്ന നായകരായി മാറി ലെഷ്പാൽ ജവൽഗെയും ഹർഷാദ് പാട്ടീലും. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ലെഷ്പാൽ ജവൽഗെ. സോലാപൂർ ജില്ലയിലെ അഡെഗാവ് സ്വദേശിയാണ് ഇയാൾ. വടക്കൻ മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ ധന്ധർനെ ഗ്രാമത്തിൽ നിന്നുള്ള സാമ്പത്തിക ബിരുദധാരിയാണ് ഹർഷാദ് പാട്ടീൽ. നിലവിൽ ഇരുവരും മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ലെഷ്പാൽ ജവൽഗെയുടെ വാക്കുകൾ പ്രകാരം “കുറ്റവാളികൾ കുറ്റകൃത്യങ്ങൾ ചെയ്യുമ്പോൾ ചുറ്റുപാടുമുള്ള ആളുകൾ ഇടപെടാൻ ഭയപ്പെട്ടതിനാൽ ഇരകൾ കഷ്ടപ്പെടേണ്ടി വന്ന നിരവധി സംഭവങ്ങളെക്കുറിച്ച് ഞാൻ കേൾക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയും അതുതന്നെ സംഭവിച്ചു. പെൺകുട്ടി പ്രാണരക്ഷാർത്ഥം ഓടുന്നത് പലരും നോക്കിനിൽക്കുകയായിരുന്നു.”
ഇവരുടെ ധീരമായ പ്രവൃത്തിയെ ഇപ്പോൾ സോഷ്യൽ മീഡിയയും വാനോളം പുകഴ്ത്തുകയാണ്. പലരും ഭയന്ന് ഇടപെടാൻ മടിക്കുന്ന ഇത്തരം സാഹചര്യങ്ങളിൽ ധൈര്യപൂർവ്വം മുന്നോട്ടു വരികയും ഒരു ജീവൻ രക്ഷിക്കുകയും ചെയ്ത ഇവരുടെ പ്രവൃത്തി യുവ തലമുറ മാതൃകയാക്കേണ്ടത് തന്നെയാണ് എന്നാണ് സമൂഹമാധ്യമങ്ങളിൽ ലെഷ്പാൽ ജവൽഗെയെയും ഹർഷാദ് പാട്ടീലിനെയും പ്രശംസിച്ചുകൊണ്ട് വരുന്ന കുറിപ്പുകൾ. വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകൾ ഇരുവരെയും ആദരിക്കുകയും പാരിതോഷികങ്ങൾ നൽകുകയും ചെയ്തു. എൻസിപി നേതാവ് ജിതേന്ദ്ര അവാദ് 51,000 രൂപ വീതമാണ് ഈ ധീരരായ യുവാക്കൾക്ക് സമ്മാനിച്ചത്. ലെഷ്പാൽ ജവൽഗെയും ഹർഷാദ് പാട്ടീലും തെറ്റുകൾക്ക് നേരെ പ്രതികരിക്കാനുള്ള പുതിയൊരു ഊർജ്ജമാണ് പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നത്.
Discussion about this post