ബാംഗ്ലൂർ: പ്രതിപക്ഷ പാർട്ടികളുടെ അടുത്ത യോഗത്തിൽ സോണിയ ഗാന്ധിയും പങ്കെടുത്തേക്കും. ജൂലൈ 17, 18 തീയതികളിലായിരിക്കും യോഗം നടക്കുന്നത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെയാണ് സോണിയ ഗാന്ധിയോട് മീറ്റിങ്ങിൽ പങ്കെടുക്കാൻ നേരിട്ട് അഭ്യർത്ഥിച്ചത്. രാഹുൽ ഗാന്ധിയെ ലോകസഭയിൽ നിന്ന് അയോഗ്യനാക്കിയതിനെതിരെ ജൂലൈ 12ന് ഗാർഗെയുടെ നേതൃത്വത്തിൽ ബാംഗ്ലൂരിൽ മൗന പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ബാംഗ്ലൂരിലെ ഫ്രീഡം പാർക്കിൽ ആണ് മൗന പ്രതിഷേധപരിപാടി. രാവിലെ 10 മുതൽ 4 വരെ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം പാർട്ടിയിലെ എല്ലാ പ്രവർത്തകരും ജനപ്രതിനിധികളും ഭാരവാഹികളും പ്രതിഷേധത്തിൽ പങ്കെടുക്കും.
രാജ്യത്തിന്റെ മാറ്റത്തിനായുള്ള ഈ മുന്നേറ്റത്തിൽ പങ്കുചേരാനായി താൻ എല്ലാവരെയും ക്ഷണിക്കുന്നുവെന്ന് കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗം ജൂൺ 23ന് ബീഹാറിലെ പട്ട്ണയിൽ വച്ച് ചേർന്നിരുന്നു. 2024ലെ ലോകസഭ ഇലക്ഷൻ മനസ്സിൽ കണ്ടാണ് യോഗം ചേർന്നത്. അടുത്ത യോഗം ജൂലൈ 13,14 തീയതികളിൽ നടക്കുമെന്നായിരുന്നു ദേശീയവാദി കോൺഗ്രസ് പാർട്ടി തലവൻ ശരത് പവാർ അറിയിച്ചത്. ചില സംസ്ഥാനങ്ങളിൽ ആ ദിവസം നിയമസഭാ സമ്മേളനം നടക്കുന്നതുകൊണ്ടാണ് ജൂലൈ 17,18 തീയതികളിലേക്ക് പ്രതിപക്ഷ യോഗം മാറ്റിയത്.
കോടതിവിധിയെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ നടത്തുന്ന ഗൂഢാലോചനയെ താൻ അപലിക്കുന്നുവെന്നും ശിവകുമാർ പറഞ്ഞു. അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
Discussion about this post